'പഹൽഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തിൽ ജമാഅത്തെ ഇസ്ലാമി ഒഴിഞ്ഞു നിന്നു'; വിമർശനം തുടർന്ന് എം വി  ഗോവിന്ദൻ

Sunday 15 June 2025 12:08 PM IST

നിലമ്പൂർ: ജമാഅത്തെ ഇസ്ലാമി അയക്കുന്ന വക്കീൽ നോട്ടീസ് നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പഹൽഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന് ഒഴിഞ്ഞുനിന്ന ഒരേ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയാണെന്നും അത് ഇപ്പോഴും ആവർത്തിക്കുന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. യുഡിഎഫ് - ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ പ്രിയങ്ക ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു കാശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന ഗോവിന്ദന്റെ പ്രസ്താവനക്കെതിരെയാണ് ജമാഅത്തെ ഇസ്ലാമി അപകീർത്തി നോട്ടീസ് നൽകിയത്. വ്യാജ പ്രസ്താവന തിരുത്തി പരസ്യമായി മാപ്പ് പറയണമെന്നും അപകീർത്തിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസൻ മുഖേന അയച്ച നോട്ടീസിലെ ആവശ്യം.

അതേസമയം, ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹനം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതിൽ സിപിഎം ഇടപെടില്ലെന്ന് ഗോവിന്ദൻ നേരത്തെ അറിയിച്ചിരുന്നു. ജോലി ചെയ്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ഷാഫിയുടെയും രാഹുലിന്റെയും നടപടി താന്തോന്നിത്തമാണെന്ന് എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വാഹനപരിശോധന തങ്ങളെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് നേതാക്കൾ ആരോപിച്ചപ്പോൾ, ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് നടപടിക്രമമാണെന്ന് സിപിഎം നേതാക്കൾ വാദിച്ചു.