ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് വീണ് പതിനാറുകാരന് ദാരുണാന്ത്യം

Sunday 15 June 2025 5:20 PM IST

കൊച്ചി: ഓടുന്ന ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവനാണ് മരിച്ചത്. എറണാകുളം ചെല്ലാനത്ത് ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. പവൻ കയറുമ്പോൾ ബസിൽ വലിയ തിരക്കില്ലായിരുന്നു. തുടർന്ന്‌ സീറ്റിലിരുന്നു. എന്നാൽ അൽപസമയം കഴിഞ്ഞപ്പോൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബസിന്റെ ചവിട്ടുപടിയിൽ നിൽക്കുകയായിരുന്നു.

ബസിന്റെ ചവിട്ടുപടിയിൽ നിന്ന് അബദ്ധത്തിൽ പുറത്തേക്ക് വീണതാണോ, അതോ അറിഞ്ഞുകൊണ്ട് പുറത്തേക്ക് ചാടിയതാണോയെന്ന് വ്യക്തമല്ല. ബന്ധുക്കളടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തതവരികയുള്ളൂ.

റോഡിൽ വീണ ഉടൻ തന്നെ പവനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ പുലർച്ചെയോടെ മരിച്ചു. വാതിൽ തുറന്നിട്ട് വണ്ടിയോടിച്ചതിന് സ്വകാര്യ ബസിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.