യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയം മാറ്റി, പുതിയ സമയക്രമം ഇങ്ങനെ

Sunday 15 June 2025 6:06 PM IST

കൊച്ചി: കൊങ്കൺ വഴിയുള്ള വിവിധ ട്രെയിനുകളുടെ സമയമാറ്റം ഇന്ന് നിലവിൽ വരും. എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ നിന്ന് 26 ട്രെയിനുകളാണ് കൊങ്കൺ വഴി പോകുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു. സമയമാറ്റം ഒക്ടോബർ 20 വരെ തുടരും.

ഉച്ചയ്ക്ക് 1.25ന് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടാറുള്ള ഡൽഹി നിസാമുദീൻ മംഗള എക്‌സ്‌പ്രസ് (12617) രാവിലെ 10.30നാകും ഇനി മുതൽ യാത്ര ആരംഭിക്കുക. രാവിലെ 5.15ന് പോകാറുള്ള എറണാകുളം സൗത്ത് - പൂനെ എക്സ്‌പ്രസ് (22149) പുലർച്ചെ 2.15ന് പുറപ്പെടും. ഞായറാഴ്ച തോറുമുള്ള എറണാകുളം സൗത്ത് - അജ്മേർ മരുസാഗർ എക്സ്‌പ്രസ് (12977) രാത്രി 8.20ന് പകരം സന്ധ്യക്ക് 6.50 ന് പുറപ്പെടും.

സൗത്ത് വഴി കടന്നുപോകുന്ന വിവിധ ട്രെയിനുകളുടെ സമയമാറ്റം ഇങ്ങനെ

പഴയ സമയമാണ് ബ്രാക്കറ്റിൽ - നേത്രാവതി (16346) ഉച്ചയ്ക്ക് 1.15 (1.50), തിരുവനന്തപുരം ഡല്‍ഹി രാജധാനി (12431) വൈകിട്ട് 6.30 (രാത്രി 10.30), തിരുനെല്‍വേലി ഹംസഫര്‍ ഗാന്ധിധാം (20923) ഉച്ചയ്ക്ക് 12.55 (2.20), തിരുനെല്‍വേലി-ഹാപ്പ (19577) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-ഇന്ദോര്‍ (20931) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-പോര്‍ബന്തര്‍ (20909) ഉച്ചയ്ക്ക് 12.55 (2.20), കൊച്ചുവേളി-യോഗ നഗരി ഋഷികേശ് (22659) രാവിലെ 9.40 (ഉച്ചയ്ക്ക് 12.55), കൊച്ചുവേളി- ചണ്ഡീഗഢ് (12217) രാവിലെ 9.40 (12.55), കൊച്ചുവേളി-അമൃത്സര്‍ (12483) രാവിലെ 9.40 (12.55).

പുതിയ സമയക്രമം ഇന്ത്യൻ റെയിൽവേ നാഷണൽ ട്രെയിൻ എൻക്വയറി വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും അതുപോലെ ഐആർസിടിസി (IRCTC )ആപ്പിലും വെബ്‌സൈറ്റിലും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാർ സ്വകാര്യ മൊബൈൽ ആപ്പുകളെ ആശ്രയിക്കരുത്. അവിടെ പഴയ സമയക്രമമാണ് പ്രദർശിപ്പിക്കുന്നത്. ഇത് ട്രെയിൻ കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാക്കാൻ ഇടയാകുന്നു. ട്രെയിൻ സമയം അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റ്/ആപ്പ് മാത്രം ഉപയോഗിക്കുക.

വെബ്സെെറ്റ്: https://www.irctc.co.in/nget/train-search, https://enquiry.indianrail.gov.in/mntes/