വ്യാജ എൽ.എസ്.ഡി കേസ്: ഷീലയെ കുടുക്കിയത് അപവാദം പറഞ്ഞതിനെന്ന് ലിവിയ

Monday 16 June 2025 1:17 AM IST

കൊടുങ്ങല്ലൂർ: ബ്യൂട്ടിപാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ എൽ.എസ്.ഡി കേസിൽ കുടുക്കിയത് തനിക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചതിലുള്ള വിരോധംമൂലമെന്ന് അറസ്റ്റിലായ കാലടി മറ്റൂർ വരയിലാൻ വീട്ടിൽ ലിവിയ ജോസിന്റെ മൊഴി. സുഹൃത്ത് നാരായണദാസിന്റെ സഹായത്തോടെയാണ് കുറ്റം ചെയ്തത്. ഷീലയും ഭർത്താവ് സണ്ണിയും താൻ ബംഗളൂരുവിൽ മോശം ജീവിതമാണ് നയിച്ചതെന്ന് പറഞ്ഞുണ്ടാക്കി. വീട്ടിലേക്ക് ഫ്രിഡ്ജും ടി.വിയും ഫർണീച്ചറുകളും ലിവിയ വാങ്ങിയിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്ന ലിവിയയ്ക്ക് ഇത്രയും പണം എവിടെ നിന്നെന്ന ചോദ്യങ്ങളും പകയ്ക്ക് കാരണമായി. വാട്‌സ്ആപ്പിൽ മകൻ സംഗീതിന് ഷീല അയച്ച ശബ്ദസന്ദേശം ലിവിയ കേട്ടു. ഷീലയെ നാണം കെടുത്താൻ തീരുമാനിച്ചു. മനസിൽ വന്ന ആശയം നാരായണദാസിനോട് പറയുകയായിരുന്നെന്നും ലിവിയ മൊഴിനൽകി. പിടിയിലായ ലിവിയയെ ചോദ്യം ചെയ്ത ശേഷം കൊടുങ്ങല്ലൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആർ.എ.ഷെറിൻ റിമാൻഡ് ചെയ്തത്. ഷീലയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. കൃത്യത്തിൽ സഹോദരിക്ക് പങ്കില്ലെന്നും ലിവിയ പറഞ്ഞു. 2023 ഫെബ്രുവരി 27നാണ് ഷീലയെ എൽ.എസ്.ഡി സ്റ്റാമ്പ് കൈവശംവച്ച കേസിൽ എക്‌സൈസ് പിടികൂടിയത്.

വ്യാജ സ്റ്റാമ്പ് തന്നത് ആഫ്രിക്കക്കാരൻ എൽ.എസ്.ഡി സ്റ്റാമ്പ് ആഫ്രിക്കൻ വംശജനിൽ നിന്ന് നാരായണദാസ് വാങ്ങി. എന്നാൽ, ഡ്യൂപ്ലിക്കേറ്റ് നൽകി പറ്റിച്ചു. നാരായണദാസിനെ കഴിഞ്ഞ ഏപ്രിലിൽ ബംഗളൂരു ബൊമ്മനഹള്ളിയിൽ നിന്നും പിടികൂടിയിരുന്നു. ലിവിയയെയും നാരായണദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരെയും കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും. ഷീലയുടെ മകൻ സംഗീതിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും എത്തിയിട്ടില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.

ലിവിയ കള്ളം പറയുന്നു: ഷീലാ സണ്ണി

ലിവിയയെ കുറ്റപ്പെടുത്തി ശബ്ദസന്ദേശം അയച്ചതായി ഓർക്കുന്നില്ലെന്നും കള്ളം പറയുകയാണെന്നും ഷീലാ സണ്ണി. സ്വഭാവദൂഷ്യത്തെപ്പറ്റി ബന്ധുക്കളാണ് മകനോട് പറഞ്ഞത്. ഇത് അന്വേഷിക്കാൻ ബംഗളൂരുവിൽ പോകാനിരിക്കുകയായിരുന്നു അവർ. പക മനസിൽവയ്ക്കുന്ന ആളാണ് ലിവിയയെന്നും ഷീലാ സണ്ണി പറഞ്ഞു.