എണ്ണക്കമ്പനികൾക്ക് പരീക്ഷണ കാലം
ക്രൂഡോയിൽ വിലക്കയറ്റം ലാഭക്ഷമത കുറയ്ക്കുന്നു
കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികൾക്ക് വെല്ലുവിളിയേറുന്നു. ഇറാനെതിരെ ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ ക്രൂഡോയിൽ വില ബാരലിന് 75 ഡോളറിലേക്കാണ് ഉയർന്നത്. ഒരവസരത്തിൽ ക്രൂഡ് വില 80 ഡോളറിന് അടുത്തെത്തിയിരുന്നു. ജനുവരി മുതൽ മാർച്ച് മാസം വരെയുള്ള മൂന്ന് മാസത്തിൽ ക്രൂഡ് വില കുറഞ്ഞ തലത്തിൽ തുടർന്നതിനാൽ എണ്ണക്കമ്പനികൾ മികച്ച ലാഭമാണ് നേടിയത്. എന്നാൽ പൊടുന്നനെ എണ്ണ വില കുതിച്ചുയർന്നതോടെ കമ്പനികളുടെ ലാഭക്ഷമത ഇടിയുകയാണ്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ഇന്ത്യയിൽ പെട്രോൾ, ഡീസൽ, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകം എന്നിവയുടെ വില ഉയർത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകാത്തതാണ് കമ്പനികൾക്ക് ആശങ്ക സൃഷ്‌ടിക്കുന്നത്. ഇപ്പോഴത്തെ വിലയിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പനയിൽ ലിറ്ററിന് അഞ്ച് രൂപയ്ക്കടുത്ത് നഷ്‌ടമുണ്ടെന്ന് പൊതുമേഖല കമ്പനികൾ പറയുന്നു.
നടപ്പുവർഷത്തെ ആദ്യ മൂന്ന് മാസക്കാലയളവിൽ ക്രൂഡ് വില താഴ്ന്ന തലത്തിലായിരുന്നതിനാൽ കമ്പനികളുടെ ലാഭ മാർജിൻ രണ്ട് ഡോളറിൽ നിന്ന് ഒൻപത് ഡോളറായി ഉയർന്നിരുന്നു.
ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വിൽപ്പനയിലെ കമ്പനികൾ നേരിടുന്ന വിൽപ്പന നഷ്‌ടം 180 രൂപ
ഇറാൻ യുദ്ധം എണ്ണ ലഭ്യതയെ ബാധിക്കില്ല
ഇസ്രയേലും ഇറാനുമായുള്ള യുദ്ധം ഇന്ത്യയുടെ ക്രൂഡ് വാങ്ങലിനെ ബാധിക്കില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇറാനിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ല. മദ്ധ്യ പൂർവദേശത്തെ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം അടയ്‌ക്കുന്ന സാഹചര്യമുണ്ടായാൽ ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. എന്നാൽ ഇതിന് സാദ്ധ്യത വളരെ കുറവാണ്. ഇന്ത്യയിലേക്ക് ക്രൂഡോയിൽ കൊണ്ടുവരുന്നതും യൂറോപ്പിലേക്ക് സംസ്‌കരിച്ച ഉത്പന്നങ്ങൾ അയക്കുന്നതും ഈ പാതയിലൂടെയാണ്.
സി.എൻ.ജി വില കൂടിയേക്കും
ഇറാനും ഇസ്രയേലുമായുള്ള യുദ്ധം നീണ്ടുപോയാൽ ക്രൂഡോയിലിനൊപ്പം സി.എൻ.ജി, എൽ.എൻ.ജി എന്നിവയുടെ വില മുകളിലേക്ക് നീങ്ങും. വിമാന ഇന്ധനം, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില എന്നിവയും അടുത്ത മാസം കൂടിയേക്കും. വ്യോമയാന, പെയിന്റ്, സിമന്റ് തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ പ്രവർത്തന ചെലവ് ഉയരാനും ഇടയുണ്ട്.