വിദേശ നിക്ഷേപകർ പിന്മാറുന്നു

Monday 16 June 2025 12:30 AM IST

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ കടുത്തതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറ്റം ശക്തമാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ(സെബി) കണക്കുകളനുസരിച്ച് 4,892 കോടി രൂപയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ പിൻവലിച്ചത്. അതേസമയം ആഭ്യന്തര നിക്ഷേപ ഗ്രൂപ്പുകൾ ഇക്കാലയളവിൽ 44,000 കോടി രൂപ വിപണിയിലെത്തിച്ചു. ഇറാനെതിരെ ഇസ്രയേൽ കടുത്ത ആക്രമണം നടത്തിയിട്ടും ഓഹരി വിപണിയിലെ കനത്ത തകർച്ച ഒഴിവാക്കാൻ ആഭ്യന്തര സ്ഥാപനങ്ങളുടെ പണമൊഴുക്ക് സഹായിച്ചു. കഴിഞ്ഞ മാസം വിദേശ ധനകാര്യ സ്ഥാപനങ്ങൾ 19,860 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു.

നടപ്പു മാസം ഇതുവരെ സെൻസെക്സിൽ 0.4 ശതമാനവും നിഫ്‌റ്റിയിൽ 0.13 ശതമാനവും ഇടിവാണുണ്ടായത്. അമേരിക്കൻ ബോണ്ട് വിപണിയിൽ വരുമാനം മെച്ചപ്പെട്ടതോടെയാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നും വലിയ തോതിൽ പണം പിൻവലിക്കാൻ തുടങ്ങിയത്. ഇസ്രയേൽ-ഇറാൻ യുദ്ധം ശക്തമായാൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായേക്കും.