അതിശക്ത മഴ 3 ദിവസം കൂടി, ഇന്നലെ നാല് മരണം, 2പേരെ കാണാതായി

Monday 16 June 2025 3:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസംകൂടി അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിലാകും കൂടുതൽ. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാദ്ധ്യത. കർണാടക, ആന്ധ്ര, ഒഡീഷ തീരങ്ങളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കാരണം. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം.

കനത്ത മഴയിൽ ഇന്നലെ നാല് മരണം. രണ്ടുപേരെ കാണാതായി. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പലയിടങ്ങളിലും മരങ്ങൾ കടപുഴകി. നദികൾ പലതും കരകവിഞ്ഞു. തീരദേശത്ത് കടലാക്രമണം രൂക്ഷം. എരുമേലി ചെറുവള്ളി എസ്റ്റേറ്റിന് സമീപം മരംവീണ് സ്കൂട്ടർ യാത്രികനായ തോട്ടം തൊഴിലാളി മുനിയ സ്വാമി (56) മരിച്ചു. ആലപ്പുഴയിൽ കാർ കനാലിൽവീണ് തത്തംപള്ളി സ്വദേശി ബിജോയി ആന്റണിക്ക് (32) ദാരുണാന്ത്യം. കോന്നിയിൽ ബൈക്ക് തോട്ടിൽ വീണ് കാണാതായ അതിരുങ്കൽ സ്വദേശി പ്രവീൺ ശേഖറിന്റെ (47) മൃതദേഹം കണ്ടെത്തി.കണ്ണൂർ അഴീക്കോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയ മാട്ടൂൽ സ്വദേശി കെ.ടി.ഇസ്മയിൽ (21) മരിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് ചെറുപുഴയിലിറങ്ങിയ കച്ചിക്കോളി വീട്ടിൽ മാധവൻ നായരെയും (81) ആലപ്പുഴയിൽ കടൽത്തിരയിൽപെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി കൊട്ടാരച്ചിറയിൽ ഡോൺ ജോസഫിനെയും (15) കാണാതായി.

റെഡ് അലർട്ട് ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഓറഞ്ച്

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്

യെല്ലോ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ