പ്രവാസികൾക്ക് ആശ്വാസം,​ നിർണായക പ്രഖ്യാപനവുമായി ഗൾഫ് രാജ്യം, ​ കോളടിച്ചത് ഇവർക്ക്

Sunday 15 June 2025 10:53 PM IST

റിയാദ് : സൗദി അറേബ്യയിൽ ഇ വിസയും ഉംറ വിസകളും നൽകുന്നത് പുനരാരംഭിക്കാൻ തീരുമാനമായി. ഹജ്ജ് വേളയിൽ നിറുത്തി വച്ച വിസകളാണ് ഇവ. ഇ വിസയ്ക്കായി ഓൺലൈൻ വഴി അപേക്ഷ നൽകാം. ജൂൺ 11 മുതൽ ടൂറിസ്റ്റ് ,​ ഉംറ വിസകൾ അനുവദിക്കുന്നുണ്ട്.

യൂറോപ്യൻ രാജ്യങ്ങൾ,​ ബ്രിട്ടൻ,​ അമേരിക്ക എന്നീ രാജ്യങ്ങളിലെ വിസകൾ കൈവശമുള്ളവർക്ക് പ്രത്യേക ഇളവും സൗദി പ്രഖ്യാപിച്ചതായാണ് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവർക്ക് സൗദിയിൽ വിസ ഓൺ അറൈവൽ സൗകര്യവും ലഭ്യമാകും. സൗദിയിൽ കുറച്ചുദിവസം തങ്ങാൻ അനുമതി നൽകുന്നതാണ് ഈ നടപടി.

എക്സിറ്റ് എൻട്രി വിസ സംബന്ധിച്ചും പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. യൂറോപ്പിലെ 19 രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന ഷെങ്കൺ വിസ,​ ബ്രിട്ടനിലെ വിസിറ്റ് വിസ,​ അമേരിക്കയിലെ വിസിറ്റ് വിസ എന്നിവ കൈവശമുള്ളവർക്കാണ് സൗദി വിസ ഓൺ അറൈവൽ അനുവദിക്കുക. ഇവർക്ക് സൗദിയിൽ ഇറങ്ങി നിശ്ചിത സമയം താമസിക്കാം. പ്രധാനപ്പെട്ട വിനോദകേന്ദ്രങ്ങൾ സന്ദർശിക്കാനും ഇതുവഴി സാധിക്കും. പുതിയ പ്രഖ്യാപനത്തിലൂടെ കൂടുതൽ പേർ രാജ്യം സന്ദർശിക്കാൻ എത്തുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. ഇ സ്പോർട്സ് വേൾഡ് കപ്പ് ഉൾപ്പെടെ റിയാദിലാണ് നടക്കുക. ഇതിനൊപ്പം മറ്റു നിരവധി സാംസ്കാരിക പരിപാടികളും ൻടക്കും. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും നിരവധി പേർ എത്തുമെന്നാണ് കരുതുന്നത്. അതിനാൽ പുതിയ വിസ ഇളവുകൾ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.