കൊല്ലം മേയർ ഹണിബെഞ്ചമിന് നേരെ യുവാവിന്റെ വധഭീഷണി

Monday 16 June 2025 12:00 AM IST

കൊല്ലം: കൈയിൽ കത്തിയുമായെത്തിയ യുവാവ് കൊല്ലം മേയർ ഹണിബെഞ്ചമിന്റെ വീടിന് മുന്നിലെത്തി വധഭീഷണി മുഴക്കിയതായി പരാതി. കഴിഞ്ഞ 14ന് രാവിലെ ഏഴോടെ ഉളിയക്കോവിൽ വൈദ്യശാല ജംഗ്ഷനിലെ മേയറുടെ വീടിന് സമീപമെത്തിയ യുവാവ് വൈദ്യശാല ജംഗ്ഷനിലെ കടകളിലും പ്രദേശവാസികളോടും മേയറെ കുറിച്ച് തിരക്കി. ഇയാളുടെ പക്കൽ കത്തികണ്ടതോടെ സംശയം തോന്നിയ മത്സ്യത്തൊഴിലാളിയായ റോസമ്മയാണ് വിവരം മേയറെ ഫോണിൽ വിളിച്ചറിയിക്കുന്നത്. റോസമ്മയോട് മേയറെപ്പറ്റി തിരക്കിയ യുവാവ് മേയറെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

വീടിന് സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുമ്പും നിരവധി തവണ യുവാവ് കത്തിയുമായി മേയറുടെ വീടിന് മുന്നിൽ എത്തിയതായി കണ്ടെത്തി. ഇന്നലെ മേയർ സിറ്റി പൊലീസ് കമ്മിഷണർക്കും കൊല്ലം ഈസ്റ്റ് പൊലീസിലും പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

സി.സി ടി.വി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമല്ല. സംഭവം നേരിട്ട് കണ്ടിട്ടില്ല. പരിചയക്കാർ പറഞ്ഞാണ് അറിയുന്നത്. വധഭീഷണിയുടെ കാരണം വ്യക്തമല്ല.

ഹണി ബെഞ്ചമിൻ, കൊല്ലം മേയർ

സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പടെയുള്ളവ ശേഖരിച്ചിട്ടുണ്ട്. ഊർജ്ജിതമായ അന്വേഷണം നടക്കുകയാണ്.

കൊല്ലം ഈസ്റ്റ് പൊലീസ് അധികൃതർ