യു.എസ് യുദ്ധക്കപ്പൽ കൊച്ചിയിൽ
Monday 16 June 2025 1:25 AM IST
കൊച്ചി: അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലായ യു.എസ്.എസ്. സാന്റ ബാർബറ കൊച്ചിയിൽ തുടരുന്നു. ജൂൺ പത്തിന് എത്തിയ കപ്പൽ 14ന് മടങ്ങേണ്ടതായിരുന്നു. വൈകുന്നതിന് കാരണം ഇസ്രയേൽ - ഇറാൻ സംഘർഷമെന്നാണ് സൂചന. നാളെ മടങ്ങുമെന്നും അറിയുന്നു. കൊച്ചി നാവിക താവളത്തിനോട് ചേർന്ന എറണാകുളം വാർഫിലാണ് കപ്പൽ.
2023ൽ കമ്മിഷൻ ചെയ്ത ആധുനിക ഇൻഡിപെൻഡൻസ് ക്ലാസ് യുദ്ധക്കപ്പലായ സാന്റ ബാർബറ തീരമേഖലയിലെ പോരാട്ടങ്ങൾക്കായി രൂപകല്പന ചെയ്തതാണ്. ഇലക്ട്രോണിക്സ് യുദ്ധസംവിധാനങ്ങളും മിസൈൽ ലോഞ്ചറുകളുമുള്ള കപ്പലിൽ രണ്ട് സീഹോക്ക് ഹെലികോപ്ടറുകളുമുണ്ട്. 127 മീറ്ററാണ് നീളം. 75 നാവികരുണ്ട്.