തൊഴിലാളി സമരം: ഗവി ടൂറിസം പ്രതിസന്ധിയിൽ

Sunday 15 June 2025 11:10 PM IST

പത്തനംതിട്ട: ഗവിയിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന തൊഴിലാളി സമരം ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കി. ഗവി വനം വികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മിലുള്ള തർക്കമാണ് പണിമുടക്കിനു കാരണം. ടൂറിസം മേഖലയിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെ തോട്ടം മേഖലയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തൊഴിലാളി സംഘടനകൾ സംയുക്തമായി എതിർത്തു. പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് വെള്ളിയാഴ്ച മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇത് ടൂറിസം മേഖലയ്ക്ക് വൻ നഷ്ടമുണ്ടാക്കിയെന്ന് വനംവികസന കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

മൺസൂൺ സമയമാണെങ്കിലും ഗവിയിലേക്ക് വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. വിനോദ സഞ്ചാരികളുടെ ഗൈഡായും ഭക്ഷണം ഒരുക്കാനും മറ്റുമായി ജോലി ചെയ്യുന്ന തൊഴിലാളികളോടാണ് തോട്ടം മേഖലയിലെ പണികൾക്ക് പോകാൻ കെ. എഫ്.ഡി.സി അധികൃതർ ആവശ്യപ്പെട്ടത്. ഇരുപത്തിയഞ്ച് വർഷത്തോളമായി ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവരെ പെട്ടന്ന് തോട്ടം മേഖലയിലേക്ക് നിയോഗിച്ചതിനെതിരെയാണ് പ്രതിഷേധം.

മൺസൂൺ കാലത്ത് തങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ ആവശ്യപ്പെട്ടതും അലവൻസിൽ വർദ്ധന ആവശ്യപ്പെട്ടതുമാണ് ടൂറിസം അധികൃതരുടെ പുതിയ തീരുമാനത്തിന് പിന്നിലെന്ന് തൊഴിലാളികൾ പറയുന്നു. ടൂറിസ്റ്റുകൾക്കൊപ്പം ട്രക്കിംഗിന് പോകാൻ മഴക്കോട്ടും പാമ്പ് കടിയേൽക്കാതിരിക്കാൻ ഷൂസും ആവശ്യപ്പെട്ടത് അധികൃതർ അംഗീകരിച്ചിട്ടില്ല. ട്രക്കിംഗ് പാതയിൽ മരങ്ങൾ വീണു കിടക്കുന്നത് മുറിച്ചു മാറ്റിയിട്ടില്ല. കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളും വിഷപ്പാമ്പുകളും ഉള്ള പ്രദേശമാണ് ട്രക്കിംഗ് പാത. ടൂറിസ്റ്റുകൾ വരുന്നതിനാൽ ഇൗ മേഖലയിൽ ജോലികൾ ഏറെയുണ്ട്. ആവശ്യങ്ങളുമായി കെ. എഫ്.ഡി. സി അധികൃതരെ സമീപിച്ച തൊഴിലാളികളെയാണ് തോട്ടം മേഖലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ്, എ. ഐ.ടി.യുസി, കെ.പി. ഡബ്ള്യു.സി സംഘടനകളാണ് സമരത്തിലുള്ളത്.

പ്രശ്നങ്ങളുടെ തുടക്കം ഒരുവർഷം മുമ്പ്

ഒരു വർഷം മുമ്പ് ഗവിയിലെ തൊഴിലാളികളെ വനംവികസന കോർപ്പറേഷൻ അധികൃതർ മർദ്ദിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുകയാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ കെ. എഫ്.ഡി.സി ഒാഫീസ് ഉപരോധിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചതിൽ തൊഴിലാളികൾ തൃപ്തരായിരുന്നില്ല. തൊഴിലാളികളും കെ.എഫ്.ഡി.സി അധികൃതരും തമ്മിൽ അകൽച്ച നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും തർക്കങ്ങൾ ഉ‌ടലെടുത്തത്.

ഇരുപത്തിയഞ്ച് വർഷത്തോളമായി ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവരെ പെട്ടന്ന് തോട്ടം മേഖലയിലേക്ക് നിയോഗിച്ചതിനെതിരെയാണ് പ്രതിഷേധം.