ഇന്ധനം കുറഞ്ഞു, ബ്രീട്ടീഷ് യുദ്ധവിമാനത്തിന് തിരുവനന്തപുരത്ത് ലാൻഡിംഗ്
തിരുവനന്തപുരം:അറബിക്കടലിനു മുകളിലൂടെ പറക്കുന്നതിനിടെ ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി.ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.ശനിയാഴ്ച രാത്രി 10.30ഓടെയാണ് വിമാനം ഇറക്കിയത്. മുന്നോടിയായി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സുരക്ഷ ശക്തമാക്കി.ബ്രിട്ടന്റെ നാവിക വിഭാഗമായ റോയൽ നേവിയുടെ കീഴിലുള്ള എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനി കപ്പലിൽ നിന്ന് പരിശീലനത്തിന് പറന്നുയർന്ന വിമാനമാണിത്.രണ്ട് ദിവസം മുമ്പ് പടിഞ്ഞാറൻ അറബിക്കടലിൽ ഇന്ത്യൻ നേവിയും റോയൽ നേവിയുടെ കാരിയർ സ്‌ട്രൈക് ഗ്രൂപ്പും സംയുക്ത നാവിക അഭ്യാസം നടത്തിയിരുന്നു.ഇതിന്റെ ഭാഗമായാണ് എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസ് ഇന്ത്യൻ തീരത്തിന് സമീപമെത്തിയത്.കേരള തീരത്ത് നിന്നും 100 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാലിലായിരുന്നു വിമാനനവാഹിനി കപ്പൽ.കടൽ പ്രക്ഷുബ്ദമായതോടെ കപ്പലിൽ തിരിച്ച ഇറക്കാനാവാതെ വിമാനം ഏറെ നേരം വട്ടമിട്ടു പറന്നു. ഇന്ധനത്തിന്റെ അളവ് കുറഞ്ഞതോടെ ഇന്ത്യയിൽ ഇറക്കാൻ പൈലറ്റ് അനുമതി തേടി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങാൻ വ്യോമസേന അനുമതി നൽകി. ദക്ഷിണേന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വിമാനത്താവളങ്ങളിൽ ഒന്നായതിനാലാണ് തിരുവനന്തപുരത്ത് വിമാനമിറക്കാൻ അനുമതി നൽകിയത്.ഇന്ത്യൻ വ്യോമസേന,നാവികസേന,വിമാനത്താവള അധികൃതർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ആവശ്യപ്പെട്ടതോടെ ഇന്ധനം നിറയ്ക്കാനും അനുമതി നൽകി. കേടുപാടുകളോ സാങ്കേതിക തകരാറുകളോ കണ്ടെത്തിയിട്ടില്ല.വ്യോമസേന വിമാനത്തിൽ പരിശോധന നടത്തി.ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.എമിഗ്രേഷൻ ക്ലിയറൻസില്ലാത്തതിനാൽ പൈലറ്റിനെ വിശ്രമമുറിയിലേക്ക് മാറ്റി.കാലാവസ്ഥ അനുകൂലമാകുന്നതോടെ വിമാനം തിരിച്ച് കപ്പലിലേക്ക് മടങ്ങും.അമേരിക്കൻ നിർമിതമായ ആധുനിക സൂപ്പർസോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയിൽപ്പെട്ടതാണ് എഫ് 35 ബി ലൈറ്റ്നിംഗ് 2 വിമാനം.