കെടാവിളക്ക് സ്കോളർഷിപ്പ്: വിവേചനത്തിൽ പ്രതിഷേധം
കൊച്ചി: പിന്നാക്ക വിഭാഗ വികസന വകുപ്പ് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതിയിൽ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ പുതിയ അദ്ധ്യയനവർഷവും ഒഴിവാക്കിയതിൽ പ്രതിഷേധം.
ഈ വർഷം ഉൾപ്പെടുത്താമെന്ന് സർക്കാർ നൽകിയ ഉറപ്പ് പുന:സ്ഥാപിച്ചിട്ടില്ല. സർക്കാർ വാക്ക് പാലിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പ്രീമെട്രിക് സ്‌കോളർഷിപ്പ് 9, 10 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയും അവഗണനയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ പരിഷ്‌കരിച്ച മാനദണ്ഡങ്ങൾ പ്രകാരം പ്രീമെട്രിക് സ്‌കോളർഷിപ്പ് 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഒഴിവാക്കപ്പെട്ട വിദ്യാർത്ഥികൾക്കെന്ന പേരിൽ ആരംഭിച്ച പുതിയ പദ്ധതിയിലാണ് ലത്തീൻ കത്തോലിക്കർ ഉൾപ്പെടെ പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തെ ഒഴിവാക്കിയത്. 2023 ഒക്ടോബർ 17ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസ് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം ഒ.ഇ.സി., ഒ.ബി.സി (എച്ച്), ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ അപേക്ഷിക്കേണ്ടെന്നാണ് നിർദ്ദേശം.
കെടാവിളക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്ന സമുദായങ്ങളുടെ പട്ടികയിൽ ലത്തീൻ കത്തോലിക്കർ ഉൾപ്പെടെ പിന്നാക്ക ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് വിവേചനമാണെന്നും പുന:സ്ഥാപിക്കണമെന്നും കെ.എൽ.സി.എ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി, വൈസ് പ്രസിഡന്റുമാരായ വിൻസി ബൈജു തുടങ്ങിയവർ സംസാരിച്ചു.