എ സി പൊട്ടിത്തെറിച്ചു അപകടം, സൗദിയില്‍ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

Sunday 15 June 2025 11:26 PM IST

റിയാദ്: എ.സി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവില്‍ എറണാകുളം പറവൂര്‍ മാഞ്ഞാലിയില്‍ താമസക്കാരനുമായ കണിയാംപറമ്പില്‍ ബഷീറിന്റെ മകന്‍ സിയാദ് (36) ആണ് മരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം സംഭവിച്ചത്.

എ.സിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ എക്‌സിറ്റ് ഒമ്പതിലെ അല്‍ മുവാസത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 2.10ഓടെയാണ് മരണം. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം റിയാദിലെ നസീം ഹയ്യൂല്‍ സലാം മഖ്ബറയില്‍ ഖബറടക്കും.

സിയാദ് ഏഴ് വര്‍ഷമായി സ്വദേശി പൗരന്റെ വീട്ടില്‍ ഡ്രൈവറാണ്. ഭാര്യയും മകളുമുണ്ട്. മാതാവ്: ഉമ്മു ഖുല്‍സു, ഏക സഹോദരി: സുമയ്യ, സഹോദരി ഭര്‍ത്താവ്: അബ്ദുല്ലതീഫ്. മാതൃസഹോദര പുത്രന്‍ മുഹമ്മദ് ഷമീര്‍ മാലിപ്പുറം റിയാദിലുണ്ട്. ഷമീറിനൊപ്പം മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എറണാകുളം പ്രവാസി അസോസിയേഷന്‍ ഭാരവാഹികളായ ജിബിന്‍ സമദ്, അലി ആലുവ, കരീം കാനാംപുറം, ജൂബി ലൂക്കോസ്, സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവര്‍ രംഗത്തുണ്ട്.