ബി.പി.സി.എൽ ഓഹരികൾ കേന്ദ്രം വിറ്റൊഴിഞ്ഞേക്കും

Saturday 14 September 2019 7:01 AM IST

 ഓഹരികൾ ആഗോള കമ്പനിക്ക് വില്‌ക്കാൻ നീക്കം

ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷനെ (ബി.പി.സി.എൽ)​ ആഗോള എണ്ണ കമ്പനിക്ക് വില്‌ക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന് സൂചന. പൊതുമേഖലാ കമ്പനികളിൽ സർക്കാരിന്റെ നിയന്ത്രണം കുറയ്‌ക്കുന്ന നടപടികളുടെ ഭാഗമായാണിത്. അതേസമയം,​ ബി.പി.സി.എല്ലിനെ സ്വകാര്യവത്‌കരിക്കാൻ പാർലമെന്റിന്റെ അനുമതി ആവശ്യമാണ്.

ബി.പി.സി.എല്ലിൽ 53.3 ശതമാനം ഓഹരി പങ്കാളിത്തമാണ് സർക്കാരിനുള്ളത്. ആഭ്യന്തര പെട്രോളിയം രംഗത്ത് ആഗോള കമ്പനികളെ എത്തിക്കാൻ കേന്ദ്രസർക്കാരിന് താത്പര്യമുണ്ട്. ഏറെക്കാലമായി പൊതുമേഖലാ കമ്പനികളുടെ കുത്തകയാണ് റീട്ടെയിൽ എണ്ണവിതരണം. ഇതിൽ മാറ്റമുണ്ടാക്കുകയും ലക്ഷ്യമാണ്.

ബി.പി.സി.എൽ ഓഹരി വിറ്റൊഴിയാനുള്ള പ്രാരംഭതല ചർച്ചകൾ സർക്കാർ തുടങ്ങിയെന്നാണ് അറിയുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോ ഇന്ത്യയിൽ നിക്ഷേപ താത്പര്യം അറിയിച്ചിട്ടുണ്ട്. റഷ്യയുടെ റോസ്‌നെഫ്‌റ്റിന് ഇന്ത്യയിൽ നിക്ഷേപമുണ്ട്. മറ്റു വൻകിട കമ്പനികളായ ബ്രിട്ടീഷ് പെട്രോളിയം (ബി.പി)​.,​ ടോട്ടൽ,​ ഷെൽ എന്നിവയും ഇന്ത്യയിൽ റീട്ടെയിൽ ഇന്ധന വിതരണത്തിന് ഒരുങ്ങുകയാണ്. ഈ കമ്പനികളുമായാകും കേന്ദ്രസർക്കാർ ലക്ഷ്യമിടുക.

പാളിയ നീക്കം

ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ)​,​ ബി.പി.സി.എൽ എന്നിവയുടെ ഓഹരി വിറ്റഴിക്കാൻ നേരത്തേയും ശ്രമം നടന്നിട്ടുണ്ട്. 2003ൽ ഇതു സംബന്ധിച്ച നീക്കം സുപ്രീം കോടതിയുടെ ഉത്തരവ് മൂലം തടസപ്പെട്ടു.

1920

ബർമ (Burmah)​ ഷെൽ എന്ന പേരിൽ 1920ലാണ് ബി.പി.സി.എല്ലിന്റെ പിറവി. റോയൽ ഡച്ച് ഷെൽ,​ ബർമ ഓയിൽ കമ്പനി,​ ഏഷ്യാറ്രിക് പെട്രോളിയം (ഇന്ത്യ)​ എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു അത്. 1970ൽ ദേശസാത്കരിക്കപ്പെട്ടു.

ലക്ഷ്യം ധനക്കമ്മി

നിയന്ത്രണം

നടപ്പുവർഷം ധനക്കമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിനായി പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‌പനയിലൂടെ 1.05 ലക്ഷം കോടി രൂപ ഈവർഷം സമാഹരിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. 2018-19ൽ സമാഹരിച്ചത് 84,​972 കോടി രൂപയാണ്.

40%

പൊതുമേഖലാ ഓഹരി വില്‌പനയിലൂടെ നടപ്പുവർഷം സർക്കാർ ലക്ഷ്യമിടുന്ന തുകയുടെ 40 ശതമാനം ബി.പി.സി.എൽ ഓഹരി വിറ്റൊഴിയുന്നതിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. അതായത്,​ ഏകദേശം 40,​000 കോടി രൂപ.