ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായി അയ്യപ്പനോവ് വെള്ളച്ചാട്ടം

Tuesday 17 June 2025 12:08 AM IST

കോട്ടക്കൽ: ആതവനാട് വെട്ടിച്ചിറ കാട്ടിലങ്ങാടി റോഡിലെ മനോഹരമായ അയ്യപ്പനോവ് വെള്ളച്ചാട്ടവും താഴ്വരയുടെ ഭംഗിയും ആസ്വദിക്കാൻ നിരവധി പേരെത്തുന്നു. കാലവർഷത്തിൽ മാട്ടുമ്മൽ പാടവും തോടും നിറഞ്ഞൊഴുകിയതോടെ അയ്യപ്പ നോവ് വീണ്ടും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തിലായി. പാടശേഖരത്തിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്നതാണ് അയ്യപ്പ നോവ് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനു സമീപം തടയണ നിർമ്മിച്ചിട്ടുണ്ട്. അതിൽ നീന്തിക്കുളിക്കാനും ഒട്ടേറെപ്പേരാണ് എത്തുന്നത്. എന്നാൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഇവിടെയില്ല. സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിച്ച് സന്ദർശകർ വെള്ളച്ചാട്ടത്തിനടിയിൽ നിൽക്കുന്നതും പതിവായിട്ടുണ്ട്. മുകളിലത്തെ വലിയ പാ ക്കല്ലുകൾ ഏതുസമയവും താഴേക്ക് പതിക്കുമെന്ന അവസ്ഥയിലാണ്.

ഇറങ്ങുന്നവഴി കല്ലുകൾ നിറഞ്ഞതാണ്. തടയണയ്ക്കു സമീപം കെട്ടിയിരുന്ന സുരക്ഷാവേലി തകർന്നു കിടക്കുകയാണ് . സന്ദർശകർ വർദ്ധിച്ച സാഹചര്യത്തിൽ സുരക്ഷാ നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷങ്ങൾക്ക് മുമ്പ് വലിയ കല്ല് താഴേക്ക് പതിച്ച് വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുകയായിരുന്ന യുവാവ് മരിച്ചിരുന്നു. വെട്ടിച്ചിറ കാട്ടിലങ്ങാടി റോഡിലാണ് വെള്ളച്ചാട്ടം. റോഡരികിൽ പാലത്തിനു സമീപം പഞ്ചായത്തിന്റ നേതൃത്വത്തിൽ സുരക്ഷാ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൊലീസിന്റെ മുന്നറിയിപ്പ് ബോർഡ് കാടുമുടിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം സമാനമായ പാലൂർ കോട്ട വെള്ളച്ചാട്ടത്തിന് സമീപം കാൽവഴുതി വീണ് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തിൽ അയ്യപ്പനോവ് വെള്ളച്ചാട്ടത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്‌.