മനുഷ്യ-വന്യജീവി സംഘർഷത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തുന്നില്ല;  പ്രിയങ്ക ഗാന്ധി

Monday 16 June 2025 12:10 AM IST

മലപ്പുറം: നിലമ്പൂർ മണ്ഡലം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി മനുഷ്യ-വന്യജീവി സംഘർഷമാണെന്നും ഇവ പ്രതിരോധിക്കുന്നതിൽ സർക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി.

നിലമ്പൂർ മണ്ഡലത്തിൽ യു.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളുടെ ജീവിതം സംരക്ഷിക്കാനുള്ള സൗകര്യം ഒരുക്കേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. കേരളത്തിലെ ആശാപ്രവർത്തകരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അടിസ്ഥാനപരമായ ആവശ്യങ്ങൾക്കായി പ്രതിഷേധിക്കുകയാണവർ. പദ്ധതി ആരംഭിച്ച സമയത്ത് ചരുങ്ങിയ സമയം മാത്രം പ്രവർത്തിച്ചാൽ മതിയായിരുന്നുവെങ്കിൽ ഇന്ന് എപ്പോൾ വിളിച്ചാലും പോവേണ്ട രീതിയിലേക്ക് മാറിയിട്ടുണ്ട് എന്നാണ് ആശാപ്രവർത്തകർ പറയുന്നത്. ഇത്രയൊക്കെ ചെയ്തിട്ടും അർഹിക്കുന്ന ഓണറേറിയം ലഭിക്കണമെന്ന് പറയുമ്പോൾ അതിലെന്താണ് തെറ്റ്. അത് അവരുടെ അവകാശമാണ്. 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് സർക്കാർ 1,600 രൂപ പെൻഷൻ കെടുക്കേണ്ടതായിട്ടുണ്ട്. എന്നാൽ ഈ പെൻഷനും രാഷ്ട്രീയ വൽക്കരിച്ചിരിക്കുകയാണ്. പെൻഷൻ കൃത്യസമയത്ത് കൊടുക്കണം. സർക്കാരിന് തോന്നുന്ന സമയത്തല്ല അവ കൊടുക്കേണ്ടത്. ഇന്ന് രാജ്യത്ത് മുഴുവൻ ജനങ്ങൾക്ക് മുകളിലായി രാഷ്ട്രീയത്തെ കൊണ്ടുവന്ന സാഹചര്യമുണ്ട്. ജനങ്ങളുടെ ജീവനും ജീവനോപാധിയും ഒരിക്കലും രാഷ്ട്രീയവത്ക്കരിച്ച് കൂടാ. സംസ്ഥാനത്ത് മാറ്റം കൊണ്ടുവരണമെന്നും വവലിയ സന്ദേശമായി തിരഞ്ഞെടുപ്പ് മാറണമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.