ഉഗ്രശബ്ദം, പിന്നാലെ തീ ഒഴിവായത് വൻ ദുരന്തം

Monday 16 June 2025 12:33 AM IST

കൊല്ലം: ആദ്യം വലിയ ശബ്ദമാണ് കേട്ടത്. നോക്കിയപ്പോൾ ലൈനിൽ സ്പാർക്കും പിന്നാലെ തീയും കണ്ടു. ഉടൻ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. കപ്പലണ്ടിമുക്കിലെ ഗേറ്റ് കീപ്പർ വിനീതയുടെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം. കന്യാകുമാരി- പുനലൂർ പാസഞ്ചർ കൊല്ലത്തേക്ക്​ എത്തുന്നതിന്​ മിനിറ്റുകൾക്ക് മുമ്പാണ് കപ്പലണ്ടിമുക്ക്​ റെയിൽവേ ഗേറ്റിനും പോളയത്തോട്​ ഗേറ്റിനും ഇടയിലെ ട്രാക്കുകളിലേക്ക് പോളയത്തോട് ശ്മശാനത്തോട്​ ചേർന്നുള്ള പുരയിടത്തിൽ നിന്ന വലിയ മഹാഗണി മരം കടപുഴകിയത്. ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി മരച്ചില്ലകളിൽ തീ പടർന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ വിനീത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സംഭവത്തിന് തൊട്ടു മുമ്പാണ് എറണാകുളം ഭാഗത്തേക്കുള്ള വഞ്ചിനാട്​ എക്സ്​പ്രസ്​ കടന്നുപോയത്. ''വൈകിട്ട് 7.6 ന് ആണ് പാസഞ്ചർ വരുന്നത്. വ‌ഞ്ചിനാട് കടന്നുപോയ ശേഷം ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. രണ്ട് മിനിറ്റിന് ശേഷം പാസഞ്ചർ വരും. ഇതിന് ഗേറ്റ് അടയ്ക്കാൻ ചെന്നപ്പോഴാണ് ലൈനിൽ സ്പാർക്ക് കണ്ടത്. സിഗ്നൽ കൊടുക്കാതെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചു. അദ്ദേഹം ലോക്കോ പൈലറ്റിനെ വിവരം അറിയിച്ചു. അതിനുള്ളിൽ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ലൈൻ എല്ലാം ഓഫാക്കിയതായി വിനീത പറഞ്ഞു.

കപ്പലണ്ടി മുക്കിലെ റെയിൽവേ ഗേറ്റിൽ നിൽക്കുമ്പോഴാണ് പ്രദേശവാസിയായ അനിയും തീ ഉയരുന്നത് കണ്ടത്. പൊട്ടിത്തെറി ശബ്ദം തുടർച്ചയായി കേട്ടുകൊണ്ടിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. തുടർന്നാണ് മരം കടപുഴകിയ നിലയിൽ കാണുന്നത്. സംഭവത്തിന് മുമ്പ് ശക്തിയായി കാറ്റടിച്ചിരുന്നു. ചാറ്റൽ മഴ ഉണ്ടായിരുന്നതിനാൽ കുറച്ച് സമയത്തിനുശേഷം തീ അണഞ്ഞു.

ട്രെയിനുകൾ വൈകി

ട്രാക്കിൽ മരം വീണതോടെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കന്യാകുമാരി-പുനലൂർ പാസഞ്ചർ ട്രെയിൻ അപകട സ്ഥലത്തിന്​ കുറച്ചകലെ നിറുത്തിട്ടപ്പോൾ, തിരുവനന്തപുരം-കൊല്ലം പാസഞ്ചർ പരവൂർ സ്​റ്റേഷനിൽ പിടിച്ചിട്ടു. മംഗളൂരു - തിരുവനന്തപുരം ഏറനാട് എക്സ്​പ്രസ് കൊല്ലം സ്റ്റേഷനിലും മണിക്കൂറുകളോളം പിടിച്ചിട്ടു. എറണാകുളം ഭാഗത്തേക്കുള്ള മലബാർ, മാവേലി എക്സ്​പ്രസുകളും തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനശതാബ്​ദി, കേരള, വേണാട്​ എക്സ്​പ്രസ്​ ട്രെയിനുകളും രണ്ട്​ മണിക്കൂറോളം വൈകി. രാത്രി 9.30 ഓടെയാണ് കൊല്ലം ഭാഗത്തേക്ക് ട്രെയിനുകൾ ഓടിത്തുടങ്ങിയത്. മരച്ചില്ലകൾ നീക്കി ട്രാക്കിലെ അറ്റകുറ്റപ്പണികൾ നടത്താൻ താമസം ഉണ്ടായതിനെ തുടർന്ന് രാത്രി വൈകിയാണ് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ ഓടിയത്.