അടുത്തവർക്കെല്ലാം ഹൃദയത്തിൽ ഇടംനൽകി: വി.എസ്.രാജേഷ്

Monday 16 June 2025 12:35 AM IST

കൊല്ലം: അടുത്തവർക്കെല്ലാം ഹൃദയത്തിൽ ഇടംനൽകിയ വ്യക്തിത്വത്തിനുടമയായിരുന്നു ചാത്തന്നൂർ മോഹനനെന്ന് കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് പറഞ്ഞു. ചാത്തന്നൂർ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തനത്തോട് മാത്രമായിരുന്നു ചെറിയ പ്രായത്തിലേ തനിക്ക് അഭിനിവേശം. കാമ്പിശേരി കരുണാകരന്റെ അയൽക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പത്രപ്രവർത്തന മികവുകൾ അന്നേ ഇഷ്ടമായി. എല്ലാവരും ഇഷ്ടപ്പെടുന്ന പ്രേംനസീർ എന്ന വലിയ നടനുൾപ്പടെയുള്ള പ്രമുഖർ കാമ്പിശേരിയുടെ വീട്ടിലെത്തുന്നത് കണ്ടാണ് പത്രപ്രവർത്തകൻ ആകണമെന്ന ചിന്തക്ക് ആക്കം കൂടിയത്. കൊല്ലത്ത് പത്രപ്രവർത്തകനായി തുടക്കം കുറിക്കുമ്പോൾ മുതിർന്ന പത്രപ്രവർത്തകരോടെല്ലാം വലിയ ആദരവുണ്ടായിരുന്നു. ആദരവിന്റെ അകലമെന്ന പുറംതോട് പൊളിച്ചുമാറ്റിയ വ്യക്തിത്വമായിരുന്നു ചാത്തന്നൂർ മോഹനന്റേത്. ആ പ്രകാശഗോപുരം നമ്മെ മുന്നോട്ട് നയിക്കാനുള്ള വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടും കവിതയും ആസ്വദിക്കാൻ ഒരുപാട് അവസരങ്ങളുണ്ടായി. വിടവാങ്ങി ഒൻപതാണ്ട് പിന്നിടുമ്പോഴും ചാത്തന്നൂർ മോഹനന്റെ ഓർമ്മകൾ ഭദ്രമായ പാട്ടുപോലെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്നുവെന്നും വി.എസ്.രാജേഷ് പറഞ്ഞു.