എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സുസജ്ജമാവുന്നു

Monday 16 June 2025 12:50 AM IST

തിരുവനന്തപുരം: ബോർഡ് സ്ഥാപിച്ചിരുന്നില്ലെങ്കിലും എ.കെ.ജി സെന്റർ എന്ന് വിളിച്ചിരുന്ന, കേരള സർവകലാശാല വളപ്പിനോട് ചേർന്നുള്ള ആറു നില മന്ദിരം 'എ.കെ.ജി പഠനഗവേഷണ കേന്ദ്ര'മായി മാറി.കഴിഞ്ഞ ദിവസമാണ് മന്ദിരത്തിന്റെ കവാടത്തിൽ ബോർഡ് സ്ഥാപിച്ചത്.

തൊട്ടപ്പുറത്ത് ഒൻപത് നിലകളിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ മന്ദിരത്തിലേക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തനം മാറ്റിയതോടെയാണ് പഠന ഗവേഷണ കേന്ദ്രം സജീവമായത്.

പാവങ്ങളുടെ പടത്തലവൻ എ.കെ.ജിക്ക് സമുചിതമായ സ്മാരകം തലസ്ഥാനത്ത് നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ 1977ൽ സി.പി.എം ജനറൽ സെക്രട്ടറി ഇ.എം.എസ് ഹസ്സൻ മരിക്കാർ ഹാളിൽ സമ്മേളനം വിളിച്ചുകൂട്ടി. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ പങ്കെടുത്തു. എ.കെ.ജി കേരളത്തിന്റെ പൊതു സ്വത്താണെന്ന് അഭിപ്രായപ്പെട്ട അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി എ.കെ.ജി സ്മാരകത്തിന് സ്ഥലം അനുവദിക്കാൻ സന്നദ്ധത കാട്ടി. പല സ്ഥലങ്ങൾ പരിഗണിച്ച ശേഷമാണ് കേരള സർവകലാശാല വളപ്പിനോട് ചേർന്ന് റവന്യൂ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 15 സെന്റ് സ്ഥലവും സർവകലാശാലയുടെ 20 സെന്റും അനുവദിച്ചത്. അവിടെ മന്ദിരം ഉയർന്നെങ്കിലും പഠന ഗവേഷണ കേന്ദ്രം പൂർണ രൂപത്തിൽ പ്രവർത്തിച്ചു തുടങ്ങിയില്ല. സി.പി.എം സംസ്ഥാന കമ്മിറ്റി ഇവിടെ പ്രവർത്തിച്ചു.

ആദ്യം വിഭാവനം ചെയ്ത തരത്തിലുള്ള പഠന,ഗവേഷണ കേന്ദ്രമാണ് ഇവിടെ സജ്ജമാവുന്നത്. വളരെ വിപുലമായ ലൈബ്രറി, പഠനമുറി, ഡിജിറ്റൽ സംവിധാനം എല്ലാം ലഭ്യമാവും. പഠനത്തിനും ഗവേഷണത്തിനും പാർട്ടിയോ രാഷ്ട്രീയമോ ബാധകമല്ല. താത്പര്യമുള്ളവർക്ക് താമസത്തിനും സൗകര്യമുണ്ടാവും. ഇപ്പോൾ താഴെ നിലയിലുള്ള ലൈബ്രറി ആവശ്യമെങ്കിൽ മുകൾ നിലകളിലേക്ക് കൂടി വ്യാപിപ്പിക്കും. വിദ്യാർത്ഥികൾക്ക് റഫറൻസ് കേന്ദ്രമെന്ന തരത്തിൽ പൊതു പഠനമുറിയും ഒരുക്കുന്നുണ്ട്.