ട്രെയിൻ സമയം മാറ്റിയത് അറിഞ്ഞില്ല : ബോക്സിംഗ് താരങ്ങൾക്ക് ദുരിതയാത്ര

Monday 16 June 2025 8:46 AM IST

തിരുവനന്തപുരം : ട്രെയിൻ സമയം നേരത്തേയാക്കിയത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തതിനെത്തുടർന്ന് ഹരിയാനയിൽ നടക്കുന്ന ദേശീയ ജൂനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിന്റെ യാത്ര താറുമാറായി.

എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന മംഗള എക്സ്പ്രസിന്റെ സ്ളീപ്പർ കോച്ചിലാണ് ടീമിന്റെ യാത്ര ബുക്ക് ചെയ്തിരുന്നത്. ഈ ട്രെയിൻ നേരത്തേയാക്കിയത് റെയിൽവേ ബുക്ക്ചെയ്ത നമ്പരിൽ അറിയിപ്പ് നൽകിയിരുന്നു. ഇത് ടീമിന്റെ യാത്രയുടെ ചുമതല വഹിച്ച സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മറ്റി സമയത്ത് താരങ്ങളെയോ പരിശീലകരെയോ അറിയിച്ചില്ല. ട്രെയിൻ പുറപ്പെപ്പെട്ട ശേഷമാണ് പലരും വിവരമറിഞ്ഞത്. കോഴിക്കോടുള്ള ചിലതാരങ്ങൾക്ക് ട്രെയിനിൽ കയറിപ്പറ്റാനായെങ്കിലും തിരുവനന്തപുരം മുതൽ പാലക്കാടുവരെ ജില്ലകളിൽനിന്ന് യാത്ര തിരിക്കേണ്ടിവന്നവർക്ക് ട്രെയിൻ മിസായി. തുടർന്ന് സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഇടപെട്ട് പിന്നാലെവന്ന കേരള എക്സ്പ്രസിൽ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര തിരിക്കാൻ കുട്ടികളോടും പരിശീലകരോടും നിർദ്ദേശിക്കുകയായിരുന്നു.

13ആൺകുട്ടികളും പെൺകുട്ടികളും അഞ്ച് പരിശീലകരുമാണ് കേരള ടീമിലുള്ളത്. ഇവരിൽ ഭൂരിഭാഗവും കേരള എക്സ്പ്രസിലാണ് യാത്ര തിരിച്ചത്. ജനറൽ കമ്പാർട്ട്മെന്റിൽ സീറ്റ് കിട്ടാത്തതിനാൽ തറയിലിരുന്നാണ് പലരും യാത്ര തുടങ്ങിയത്. രാത്രിയായതോടെയാണ് ഇരിക്കാനെങ്കിലും സീറ്റ് ലഭിച്ചത്.

ടെക്നിക്കൽ കമ്മറ്റിയുടെ പിഴവ്

ബോക്സിംഗ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയിരിക്കുന്നതിനാൽ പകരം ചുമതല സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മറ്റിക്കാണ്. കുട്ടികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരു പരിശീലകനെയാണ് തങ്ങൾ ചുമതലപ്പെടുത്തിയതെന്നും ട്രെയിൻ സമയമാറ്റം സംബന്ധിച്ച റെയിൽവേ അറിയിപ്പ് ഇദ്ദേഹത്തിനാണ് ലഭിച്ചതെന്നും ഇത് കുട്ടികളെയും പരിശീലകരെയും കൃത്യസമയത്ത് അറിയിക്കുന്നതിലുണ്ടായ വീഴ്ചയാണ് യാത്ര ദുരിതത്തിലാക്കിയതെന്നും ടെക്നിക്കൽ കമ്മറ്റി അംഗം അജിത് കൃഷ്ണൻ കേരള കൗമുദിയോട് പറഞ്ഞു. പ്രശ്നം അറിഞ്ഞപ്പോൾ തന്നെ ഇടപെട്ടെന്നും അടുത്ത ട്രെയിനിൽ സ്ളീപ്പർ ബർത്ത് ലഭിക്കാനായി റെയിൽവേ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മറ്റി അംഗം ജെ.എസ്.ഗോപൻ പറഞ്ഞു.

കായികമന്ത്രിക്ക് പരാതി

യാത്രാദുരിതത്തെക്കുറിച്ച് ബോക്സിംഗ് താരങ്ങളും രക്ഷിതാക്കളും കായികമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ടീം മാനേജർമാരായി ബോക്സിംഗുമായി ബന്ധമില്ലാത്തവരെ ഉൾപ്പെടുത്തിയെന്നും പരാതിയിലുണ്ട്.