ചാലക്കുടിയിലെ പെയിന്റ് കടയിൽ വൻ തീപിടിത്തം; തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ, കനത്ത ആശങ്ക

Monday 16 June 2025 9:27 AM IST

തൃശൂർ: ചാലക്കുടിയിലെ പെയിന്റ്, ഹാർഡ്‌വെയർ കടയ്ക്ക് തീപിടിച്ചു. ഊക്കൻസ് പെയിന്റ്, ഹാർഡ്‌വെയർ കടയിൽ ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം ഉണ്ടായത്. കടയ്ക്ക് തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉണ്ട്. അവിടെ നിന്ന് ഗ്യാസ് സിലിണ്ടറുകൾ മാറ്റാനുള്ള ശ്രമം തുടരുകയാണ്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുകയാണ്.

കടയിലെ പെയിന്റും തിന്നറുകളും മറ്റും നാട്ടുകാരും ചുമട്ടുത്തൊഴിലാളികളും ചേർന്ന് മാറ്റുകയാണ്. ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്. പുതുക്കാട്,​ ചാലക്കുടി എന്നിവിടങ്ങളിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ എത്തിയിട്ടുണ്ട്. പ്രദേശത്ത് കറുത്ത പുക ഉയരുകയാണ്. ഈ ഭാഗത്തുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. പെയിന്റ് കടയോട് ചേർന്നുള്ള ഗോഡൗണിന്റെ പുറക് വശത്ത് നിന്ന് പടർന്ന തീ ഇപ്പോൾ മുൻവശത്തേക്കും എത്തിയിട്ടുണ്ടെന്നാണ് വിവരം.