വിരാട് കൊഹ്‌ലി മാസങ്ങളോളം ഡിവില്ലിയേഴ്‌സുമായി മിണ്ടാത്തതിന് കാരണം ഇതാണ്; വെളിപ്പെടുത്തലുമായി ഇതിഹാസം താരം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ വൻ മരമായ വിരാട് കൊഹ്ലിയും ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സും തമ്മിലുള്ള സൗഹൃദം വളരെ കൗതുകത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കണ്ടിരുന്നത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. ഇപ്പോഴിതാ ഒരിക്കൽ കൊഹ്ലി തന്നോട് പിണങ്ങിയിരുന്ന കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. 'ക്രിക്കറ്റ്.കോമിന്' നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
അനുഷ്ക ഗർഭിണിയാണെന്ന വാർത്ത പുറത്തു വിട്ടതാണ് കൊഹ്ലി മാസങ്ങളോളം മിണ്ടാത്തതിന് കാരണമായെതെന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു. 2024 ഫെബ്രുവരിയിൽ ഒരു യൂട്യൂബ് ലൈവിലൂടെയാണ് അനുഷ്‌ക-വിരാട് ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന വിവരം ഡിവില്ലിയേഴ്‌സ് പങ്കുവച്ചത്. കൊഹ്‌ലിയുടെ കുടുംബത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവച്ചതിലൂടെ താൻ ഒരു തെറ്റ് ചെയ്തുവെന്ന് അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. കൊഹ്‌ലിയും അനുഷ്‌കയും രഹസ്യമായി വച്ചിരുന്ന കാര്യം ഡിവില്ലിയേഴ്‌സ് പുറത്തുവിട്ടത് പിണക്കത്തിന് കാരണമായി.
കഴിഞ്ഞ വർഷം വ്യക്തിപരമായ കാരണങ്ങളാൽ നിരവധി മത്സരങ്ങളിൽ കൊഹ്‌ലി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്നത് വലിയ ചർച്ചാ വിഷയമായിരുന്നു. ബിസിസിഐയും താരത്തിന് അവധി നൽകിയിരുന്നു. എങ്കിലും സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഒരു ഘട്ടത്തിൽ അമ്മയുടെ ആരോഗ്യനില മോശമായതിനാൽ കൊഹ്‌ലി അവധിയെടുക്കുകയാണെന്ന വ്യാജ പ്രചാരണങ്ങളും ഉണ്ടായിരുന്നു. എന്നാൽ കൊഹ്‌ലി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നുണ്ടെന്നും കുടുംബത്തിന് മുൻഗണന നൽകിയതിന് താരത്തെ അഭിനന്ദിക്കുന്നുവെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തി ഡിവില്ലിയേഴ്‌സ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
'കഴിഞ്ഞ ആറുമാസമായി കൊഹ്ലിയും ഞാനുമായി സംസാരിക്കുന്നുണ്ട്. ദൈവത്തിന് നന്ദി.കാരണം അവരുടെ രണ്ടാമത്തെ കുട്ടി ജനിക്കുന്നതിനിടെയാണ് എനിക്കൊരു തെറ്റ് പറ്റിയത്. അദ്ദേഹം വീണ്ടും എന്നോട് സംസാരിച്ചപ്പോൾ ആശ്വാസമായി'. ഡിവില്ലിയേഴ്‌സ് ക്രിക്കറ്റ്.കോമിനോട് വ്യക്തമാക്കി. 201ലാണ് അനുഷ്‌കയും വിരാട് കൊഹ്‌ലിയും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. മൂത്തയാൾ വാമികയാണ്. 2021 ജനുവരി 11ന് വാമിക ജനിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി 14നാണ് അഖായ് എന്ന ആൺകുഞ്ഞ് ജനിക്കുന്നത്.