വീടിന് സമീപം ഈ ചെടി നട്ടോളൂ; ഇക്കാര്യങ്ങൾ മാത്രം ചെയ്‌താൽ മതി, പാമ്പ് വീടിന്റെ പരിസരത്ത് അടുക്കില്ല

Monday 16 June 2025 11:17 AM IST

ഇന്ത്യയിൽ പ്രതിവർഷം ആയിരക്കണക്കിന് ആളുകൾ പാമ്പുകടിയേറ്റ് മരിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരുവർഷം 30 ലക്ഷത്തിലധികം പേർക്ക് പാമ്പ് കടിയേൽക്കുന്നു. അതിൽ 55,000 ൽ അധികം പേർ മരിക്കുന്നു. മഴക്കാലത്താണ് പാമ്പ് കടി കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.

കനത്ത മഴയിൽ മാളങ്ങളിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ, വരണ്ടതും സുരക്ഷിതവുമായ ഇടങ്ങൾ തേടി പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കാറുണ്ട്. എന്തിനേറെപ്പറയുന്നു വീടിനുള്ളിൽവരെ ഇവ എത്തുന്നു. അത്തരം സാഹചര്യങ്ങളിൽ, മനുഷ്യനും പാമ്പും തമ്മിൽ ഏറ്റുമുട്ടാനുള്ള സാദ്ധ്യത കൂടുതലാണ്. ഇതിനിടയിൽ പാമ്പി കടിയേറ്റേക്കാം.

ഇന്ത്യയിൽ നൂറുകണക്കിന് വ്യത്യസ്ത തരത്തിലുള്ള പാമ്പുകളുണ്ടെന്ന് 20 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വന്യജീവി വിദഗ്ധൻ സ്വപ്നിൽ ഖതൽ പറയുന്നു. ഇതിൽ ഏകദേശം 10% മാത്രമേ മനുഷ്യജീവന് ഭീഷണിയാകാൻ തക്ക വിഷമുള്ളൂ.

മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ പാമ്പുകളാണ് 90 ശതമാനം മരണങ്ങൾക്കും കാരണമാകുന്നത്. ഇവ ബിഗ് ഫോർ‌ പാമ്പുകൾ എന്നാണ് അറിയപ്പെടുന്നത്. തടിക്കഷ്ണങ്ങൾ, ഇഷ്ടികകൾ, മാലിന്യങ്ങൾ, എലികളോ പല്ലികളോ സാധാരണയായി കാണപ്പെടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലായി പാമ്പ് എത്തുന്നത്. വലിച്ചെറിയുന്ന മത്സ്യത്തിന്റെയോ മാംസത്തിന്റെയോ അവശിഷ്ടങ്ങളുടെ ഗന്ധവും പാമ്പുകളെ ആകർഷിക്കും.

പാമ്പ് വീട്ടിലും പരിസര പ്രദേശങ്ങളിലും എത്താതിരിക്കാൻ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. പാമ്പുകളെ അകറ്റി നിർത്താൻ ചില നുറുങ്ങുകൾ ഇതാ:

  • പതിവായി രൂക്ഷഗന്ധമുള്ള ഫിനൈൽ ഉപയോഗിച്ച് വീട് വൃത്തിയാക്കുക.
  • മാലിന്യക്കൂമ്പാരങ്ങൾ, മരങ്ങൾ കൂട്ടിയിടുന്നത്, ഉപയോഗിക്കാത്ത വസ്തുക്കൾ എന്നിവ നീക്കം ചെയ്യുക.
  • ഇരുണ്ട കോണുകളിലും വീടിന് വെളിയിലും ലൈറ്റ് തെളിയിക്കുക.
  • പ്രവേശന കവാടങ്ങൾക്ക് സമീപം മുള്ളുള്ള കുറ്റിച്ചെടികൾ നടുക.
  • പാമ്പുകളെ ആകർഷിക്കുന്ന എലി, പല്ലികൾ, മറ്റ് ചെറുജീവികൾ എന്നിവയെ തുരത്തുകയെന്നതാണ് മറ്റൊരു പ്രധാന കാര്യം.
  • വീടിനടുത്തുള്ള മാളങ്ങൾ അടയ്ക്കുക.