വാതിൽ തകർത്ത് പ്രതിഷ്‌ഠകൾ മറിച്ചിട്ടു; നിലമ്പൂരിൽ ക്ഷേത്രത്തിൽ കരടിയുടെ ആക്രമണം

Monday 16 June 2025 3:07 PM IST

നിലമ്പൂർ: ക്ഷേത്രത്തിൽ കരടി ആക്രമണം. മലപ്പുറം പൂക്കോട്ടുംപാടത്ത് പൊട്ടിക്കലിലെ പാറയ്‌ക്കൽ കുടുംബക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ കരടി പ്രതിഷ്‌ഠകളെയെല്ലാം മറിച്ചിട്ടു.

ഇന്ന് രാവിലെ 5.30ഓടെയായിരുന്നു സംഭവം. വാതിൽ തള്ളിത്തുറക്കുന്നത് പോലെ ശബ്‌ദം സമീപത്തുള്ളവർ കേട്ടിരുന്നു. എന്നാൽ ഇത്തരത്തിലൊരു സംഭവം പ്രതീക്ഷിക്കാതിരുന്നതിനാൽ കൂടുതൽ ശ്രദ്ധിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. കരടി പൂട്ട് പൊളിച്ച് അകത്ത് കയറിയ ശേഷം നെയ്യും മറ്റും കഴിച്ചു. വിഗ്രഹങ്ങൾ തട്ടിമറിച്ചു. ക്ഷേത്രത്തിലെ മറ്റ് രണ്ട് മുറികളിലും നടന്ന കരടി നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയെന്നും ക്ഷേത്രം അധിക‌ൃതർ പറഞ്ഞു. എണ്ണയും മറ്റും സൂക്ഷിക്കുന്ന പെട്ടി മറിച്ചിടാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.

മുമ്പ് ഒരു കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് കരടിയെ പിടികൂടിയിരുന്നെന്ന് പ്രദേശവാസിയായ സുധാമണി പറഞ്ഞു. അതോടെ ഭീതി ഒഴിഞ്ഞെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ, രണ്ടാമതും ഇത്തരം സംഭവം ഉണ്ടായതോടെ ഭീതി ഇരട്ടിച്ചുവെന്നും അവർ പറഞ്ഞു.