വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു, കാസർകോട്ട് തോട്ടിൽ വീണ് എട്ടുവയസുകാരൻ മരിച്ചു

Monday 16 June 2025 6:27 PM IST

തിരുവവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു. കാസർക‌ോ‌ട്,​ കണ്ണൂർ,​ മലപ്പുറം ജില്ലകളിലാണ് മഴ ശക്തമായത്. കാസർകോട്ട് കനത്ത മഴയിൽ തോട്ടിൽ വീണ് എട്ടുവയസുകാരൻ മരിച്ചു. ബന്തിയോട് കൊക്കച്ചാലിൽ സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് മുന്നിലെ വെള്ളം നിറഞ്ഞ തോട്ടിൽ വീണ് കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇടുക്കി മൂലമറ്റം ത്രിവേണിയിൽ കുളിക്കാനിറങ്ങിയ മൂലമറ്റം സ്വദേശി അതുൽ ബൈജു മുങ്ങി മരിച്ചു.19 വയസായിരുന്നു. കാസർകോട്ട് കനത്തമഴയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു. ചെർക്കളയിലായിരുന്നു സംഭവം. സംരക്ഷണഭിത്തി ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ 5 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്,​ കണ്ണൂർ,​ വയനാട്,​ കോഴിക്കോട്,​ മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട്,​ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.