പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണ്ട
ന്യൂഡൽഹി: യൂണിഫോമിലല്ലാതെ സിവിലിയനെ വെടിവച്ചു കൊല്ലുന്നത് പൊലീസ് ഡ്യൂട്ടിയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി. നീതിയെ അട്ടിമറിച്ചുള്ള പ്രവൃത്തികൾക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ മറ നൽകാനാകില്ല. അതിനാൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതി ആവശ്യമില്ല. വിചാരണ നടപടികൾ തുടരാം. പഞ്ചാബിൽ സിവിലിയനെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ചുവെന്ന കേസ് റദ്ദാക്കണമെന്ന പ്രതികളായ എട്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി തള്ളിയ ജസ്റ്റിസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച്, വിഷയത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
അമൃത്സറിൽ സിവിൽ വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കാർ വളഞ്ഞ് ഡ്രൈവറെ വെടിവച്ചുകൊന്നുവെന്നാണ് കേസ്. ഡി.സി.പി അടക്കമാണ് പ്രതിപട്ടികയിലുള്ളത്. 2015 ജൂണിലായിരുന്നു സംഭവം. കൊലപാതകക്കുറ്റമാണ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്നത്.