പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാർ, 22.5 കോടി രൂപയുടെ ലാഭം, പദ്ധതി ഇനി തിരുവനന്തപുരത്തും കോഴിക്കോടും
കൊച്ചി: മെട്രോ സർവീസ് എട്ടാം വർഷത്തിലേക്ക്. 2017 ജൂൺ 17 ന് ആരംഭിച്ച മെട്രോ സർവ്വീസാണ് വിജയകരമായ എട്ടാം വർഷം പൂർത്തിയാക്കുന്നത്. കൊച്ചിയിൽ വിജയകരമായി മെട്രോ റെയിലും വാട്ടർ മെട്രോയും സ്ഥാപിച്ച് ഇനി തിരുവനന്തപുരത്തും കോഴിക്കോട്ടും അത് ആവർത്തിക്കാനൊരുങ്ങുകയാണെന്നും കെഎംആർഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വാട്ടർ മെട്രോയുടെ കാര്യത്തിൽ രാജ്യത്തെ 21 കേന്ദ്രങ്ങളിൽ വാട്ടർമെട്രോ സേവനം ആരംഭിക്കാനുള്ള സാധ്യത പഠനം നടത്തുകയാണ്. കേരളത്തിൽആരംഭിച്ച സ്ഥാപനം ഇന്ന് സുസ്ഥിര, നഗര ഗതാഗത വികസന രംഗത്തെ ദേശീയ ബ്രാൻഡായി വളർന്നിരിക്കുകയാണ്. ഫസ്റ്റ് മൈൽ ലാസ്റ്റ്‌മൈൽ കണക്ടിവിറ്റിയുടെ കാര്യത്തിലും കൊച്ചി മെട്രോ ബഹുദൂരം മുന്നിലാണ്. സ്വന്തമായി വാങ്ങിയ 15 ബസുകളുമായി നഗരത്തിലെ പല കേന്ദ്രങ്ങളിലേക്കും മെട്രോ സേവനം വിപൂലീകരിച്ചു.വൈറ്റിലയിൽ നിന്നും തൃപ്പൂണിത്തുറ നിന്നും ഇ ഫീഡർ ബസ് ഇൻഫോപാർക്കിലേക്ക് ആരംഭിച്ചതോടെ മെട്രോ സർക്കുലർ യാത്രയ്ക്കും സാധ്യത തെളിഞ്ഞിരിക്കുകയാണ്.
സൈക്കിൾ, ഓട്ടോറിക്ഷ നെറ്റ് വർക്കുകളിലൂടെയും നഗര പ്രാന്തപ്രദേശങ്ങളിലുള്ളവരെയും മെട്രോ ട്രെയിനുമായി ബന്ധിപ്പിക്കുന്നുണ്ട്. ഹൈക്കോർട്ട് നിന്ന് തേവര വരെയുള്ള റൂട്ടിൽ എലിവേറ്റഡ് ട്രാം സർവ്വീസിനുള്ള സാധ്യത പഠനത്തിനും കെ.എം.ആർ.എൽ ഒരുങ്ങുന്നു
രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പാലാരിവട്ടം- കാക്കനാട് ഇൻഫോ പാർക്ക് റൂട്ടിൽ മെട്രോ നിർമാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി ആലുവ- അങ്കമാലി റൂട്ടിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്ന പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചതായും കെഎംആർഎൽ വ്യക്തമാക്കുന്നു
അവധി ദിവസങ്ങളിലൊഴികെ പ്രതിദിനം ഒരുലക്ഷത്തിലേറെപ്പേർ ഇന്ന് പതിവായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ എണ്ണം 3.5 കോടി ആയിരുന്നു. ഈ വർഷം 3.65 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
മെട്രോ സേവനം ആരംഭിച്ച 2017- 18 കാലയളവിൽ വാർഷിക യാത്രക്കാരുടെ എണ്ണം 1,00,71,036 ആയിരുന്നു. 2022- 23 കാലയളവിൽ അത് 2,48,81,600 ആയി കുതിച്ചുയർന്നു.പ്രവർത്തന ലാഭത്തിൽ കുതിപ്പ്ചുരുങ്ങിയ വർഷം കൊണ്ട് പ്രവർത്തന ലാഭം നേടി ഇന്ത്യൻ മെട്രോ കമ്പനികളിലും കൊച്ചി മെട്രോ മുൻനിര സ്ഥാനം നേടി. 2023- 24 സാമ്പത്തിക വർഷം 22.5 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് നേടിയതെന്ന് കെഎംആർഎൽ പറയുന്നു. 202425 സാമ്പത്തിക വർഷം പ്രവർത്തന ലാഭം അതിനേക്കാൾ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനത്തിന് ഇന്ധനമായി പെട്രോളും ഡീസലും ഇലക്ട്രിസിറ്റിയും നൽകുന്ന ഫ്യൂവൽ സ്റ്റേഷൻ ആരംഭിച്ചുകാണ്ട് ടിക്കറ്റിതര വരുമാനം നേടുന്ന മാർഗങ്ങൾ വികസിപ്പിക്കുന്നതിലും കൊച്ചി മെട്രോ രാജ്യത്ത് പുതിയ മാതൃക സൃഷ്ടിക്കുകയാണ്.കൊച്ചി മെട്രോയിലെ യാത്രക്കാരിൽ യുവാക്കളാണ് കൂടുതൽ. ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകൾ, ശുചിത്വവും വൃത്തിയും നിറഞ്ഞ പരിസരം, ശീതീകരിച്ച ട്രയിൻ, കൃത്യതയാർന്ന സേവനം, യുക്തിസഹമായ നിരക്ക് തുടങ്ങിയവ യൂവാക്കളെ മെട്രോയിലേക്ക് ആകർഷിക്കുന്നു. റണ്ട് റീൽ കണ്ടുതീരുന്ന ദൂരത്തിലോ രണ്ട് പാട്ട് കേട്ട് തീരുന്ന സമയത്തിലോ മെട്രോ അവരെ ഡെസ്റ്റിനേഷനിൽ എത്തിക്കുന്നു. മെട്രോ പടവുകളിലും സ്റ്റേഷനിലെ ഇരിപ്പിടങ്ങളിലും സമയം ചിലഴിക്കുന്ന യുവതയും കൊച്ചിയിലെ മെട്രോ കാഴ്ചകളെ വേറിട്ടാതാക്കുന്നുവെന്നും വാർഷിക സന്തോഷം പങ്കുവച്ചുകൊണ്ട് കെഎംആർഎൽ വ്യക്തമാക്കുന്നു.