മത്സ്യ വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കയറ്റുമതിക്കാർ

Tuesday 17 June 2025 12:21 AM IST

 കയറ്റുമതിയിൽ കേരളം അഞ്ചാംസ്ഥാനത്തേക്ക് കൂപ്പുകുത്തി

കൊച്ചി: പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കയറ്റുമതി രംഗത്തെ വെല്ലുവിളികളും കാരണം പ്രതിസന്ധിയിലായ മത്സ്യ വ്യവസായ, വാണിജ്യ മേഖലയെ കരകയറ്റാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (എസ്.എ.ഇ.ഐ) കേരള ഘടകം പ്രസിഡന്റ് എം.ആർ.പ്രേമചന്ദ്ര ഭട്ട് ആവശ്യപ്പെട്ടു.

14ലക്ഷത്തിലധികം ആളുകളുടെ ഉപജീവനമാർഗം വെല്ലുവിളിയായതിനൊപ്പം രാജ്യത്തിന്റെ വിദേശനാണ്യവരുമാനത്തിലും ഗണ്യമായ നഷ്ടമാണുണ്ടാകുന്നത്. ഒൻപത് തീരദേശ ജില്ലകളും 590കിലോമീറ്റർ ദൈർഘ്യമുള്ള കടൽതീരവുമുള്ള കേരളം മത്സ്യഉത്പ്പന്ന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മത്സ്യലഭ്യതയിലുള്ള കുറവാണ് ഇതിന് പ്രധാന കാരണം. കാലാവസ്ഥ പ്രവചനങ്ങളുമായി ബന്ധപ്പെട്ടുള്ള മത്സ്യബന്ധന നിരോധനം കേരളതീരത്ത് മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇതിനുപുറമേ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനവും നിലവിലുണ്ട്. എല്ലാംകൂടി തട്ടിക്കിഴിക്കുമ്പോൾ മത്സ്യബന്ധന ദിനങ്ങൾ വർഷത്തിൽ 250ൽ നിന്നും 100ലേക്ക് ചുരുങ്ങി. കേരളതീരത്ത് ട്രോളിങ്ങ് നിരോധനം നിലവിലുള്ളപ്പോൾ ചൈന, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫാക്ടറി ഷിപ്പുകൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നത് വിഭവശോഷണത്തിന് കാരണമാവുന്നുണ്ട്. ഇത് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർശന നടപടി സ്വീകരിക്കണം.

മത്സ്യ ലഭ്യതയിലുള്ള കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള അക്വാകൾച്ചർ പ്രോത്സാഹിപ്പിക്കണം. സുസ്ഥിര മത്സ്യബന്ധന രീതികളിലൂടെ ലഭ്യത ഉയർത്തുന്നതിനും പ്രധാന കയറ്റുമതി വിഭവമായ ചെമ്മീനിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.