കൊച്ചി വിമാനത്താവളത്തിന്റെ ആകാശസുരക്ഷ കടുപ്പിച്ചു

Tuesday 17 June 2025 1:59 AM IST

കൊച്ചി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കൊച്ചി അന്താഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ (റെഡ് സോൺ) ഡ്രോണുൾപ്പടെയുള്ളയുടെ ഉപയോഗം നിരോധിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഇന്നലെ ഇതുസംബന്ധിച്ച ഉത്തരവിറക്കി.

വിമാനത്താവള ഡയറക്ടർ, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവരിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഈ ഉപകരണങ്ങളുടെ അനധികൃത ഉപയോഗം വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

റൺവേയുടെ സമീപത്തും ലാൻഡിംഗ് പാതയിലും ഇവ പറത്തുന്നത് വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നു. വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗ്, ടേക്ക് ഓഫ്, പറക്കൽ പ്രവർത്തനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കർശന നടപടി.

 ലംഘിച്ചാൽ ജയിൽ ബി.എൻ.എസ്.എസ് 163 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് ലംഘിച്ച് ലേസർ അടിക്കുകയോ ഡ്രോൺ പറത്തുകയോ ചെയ്താൽ രണ്ട് വർഷം തടവോ പിഴയോ, രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിച്ചേക്കും.

 നിരോധിച്ചവ

• മൈക്രോലൈറ്റ് എയർക്രാഫ്റ്റ്

• എയ്റോ മോഡലുകൾ

• പാര ഗ്ലൈഡറുകൾ

• ആളില്ലാ വ്യോമ സംവിധാനങ്ങൾ (യു.എ.എസ്)

• ഡ്രോണുകൾ

• പവർ ഹാൻഡ് ഗ്ലൈഡറുകൾ

• ലേസർ രശ്മികൾ

• ഹോട്ട് എയർ ബലൂണുകൾ