പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജ് : ഹരിത കലാലയം
തൃപ്പൂണിത്തുറ: കാടുപിടിച്ചു കിടന്നിരുന്ന കോളേജ് അങ്കണം. ചുറ്റുവട്ടം വെള്ളക്കെട്ട്. മൂന്ന് വർഷം മുമ്പ് പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജ് എന്ന് കേൾക്കുമ്പോൾ ഇതാണ് മനസിലേക്ക് വന്ന ചിത്രമെങ്കിൽ ഇപ്പോൾ കഥ മാറി. ഔഷധ സസ്യങ്ങളും പൂന്തോട്ടവും പച്ചക്കറി തോട്ടവും മീൻവളർത്തലും അങ്ങനെ കോളേജിന്റെ വെറുതെ കിടന്നിരുന്ന മുക്കുംമൂലയുമെല്ലാം അടിമുടി മാറി. ഒടുവിൽ, 2024 -25 വർഷത്തെ മികച്ച ഹരിത കലാലയത്തിനുള്ള അവാർഡും ഗ്രീൻ ക്യാമ്പസ് സർട്ടിഫിക്കറ്റും കോളേജിന് സ്വന്തം!
പാഴായി കിടന്ന സ്ഥലം പ്രയോജനകരമാക്കാൻ നേച്ചർ ക്ലബിലെയും എൻ.എസ്.എസിലെയും അംഗങ്ങളായ കുട്ടികളോട് പ്രിൻസിപ്പൽ ഉല്ലാസ് കെ.എസ് പങ്കുവച്ച ആശയമാണ് കോളേജിന്റെ മാറ്റത്തിന്റെ തുടക്കം. മാലിന്യം നിറഞ്ഞുകിടന്ന സ്ഥലത്ത് കൃഷിത്തോട്ടം ഒരുക്കുവാനും മത്സ്യ കൃഷിയും പൂന്തോട്ടവും ഔഷധസസ്യ ഉദ്യാനവും ഒരുക്കുവാൻ മാനേജ്മെന്റ് പൂർണ പിന്തുണയുമായി എത്തി. ആവശ്യമായ പണവും നൽകി. വൈസ് പ്രിൻസിപ്പൽ ശ്രീകാന്ത് കെ.എൻ, എൻ.എസ്.എസ്, നേച്ചർ ക്ലബ്ബ് അദ്ധ്യാപകർ എന്നിവരും കുട്ടികൾക്ക് ആവശ്യമായ പിന്തുണയേകി.
ഒരേക്കർ സ്ഥലം
ജൈവസമൃദ്ധം
കോളേജിലെ ഒരേക്കറിലേറെ സ്ഥലമാണ് പ്രയോജനപ്പെടുത്തിയത്. ആയിരത്തിലധികം വിദ്യാർത്ഥികളുണ്ട് കോളേജിൽ. ഭക്ഷണ അവശിഷ്ടങ്ങൾ ജൈവവളം ആക്കാൻ ജൈവവള കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റും ഒരുക്കി.
പച്ചക്കറി തോട്ടം
വെണ്ട, തക്കാളി, പപ്പായ, ചീര, പടവലം, പീച്ചിങ്ങ, വെള്ളരി, പച്ചമുളക്, വ്യത്യസ്തങ്ങളായ പയർ വർഗ്ഗങ്ങൾ തുടങ്ങിയവയാൽ സമ്പന്നമാണ് പച്ചക്കറിത്തോട്ടം. വിളവെടുത്താൽ അദ്ധ്യാപകരും കുട്ടികളും നാട്ടുകാരും കുറഞ്ഞ വിലയിൽ പച്ചക്കറികൾ സ്വന്തമാക്കും
മീൻ വളർത്തൽ കേന്ദ്രം
വെള്ളക്കെട്ടായി കിടന്നിരുന്ന പ്രദേശത്ത് മൂന്നു കുളങ്ങൾ നിർമ്മിച്ചു. ഒന്നിൽ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കരിമീൻ വിത്തുത്പാദന കേന്ദ്രം നിർമ്മിച്ചു. മറ്റു കുളങ്ങളിൽ തിലോപ്പിയ മത്സ്യവും വളർത്തുന്നു. ആറുമാസം കൂടുമ്പോൾ വിളവെടുക്കും. വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ നാട്ടുകാർക്ക് നൽകും. വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികൾക്ക് വ്യത്യസ്തങ്ങളായ ആശയങ്ങളും സംരംഭങ്ങളും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോളേജിൽ വിത്തുത്പാദന കേന്ദ്രവും മത്സ്യ കൃഷിയും ആരംഭിച്ചത്
പൂന്തോട്ടം
കോളേജിന്റെ സമീപത്തുള്ള ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിലേക്കുള്ള പൂജാ കാര്യങ്ങൾക്ക് ആവശ്യമായ ചെത്തി, തുളസി തുടങ്ങിയ പൂക്കൾക്കായി പൂന്തോട്ടവും നാഗാർജ്ജുനയുമായി സഹകരിച്ച് ഔഷധസസ്യ ഉദ്യാനവും ഒരുക്കിയിട്ടുണ്ട് ഇവിടെ.കോളേജിലെ എൻ.എസ്.എസ് യൂണിറ്റും നേച്ചർ ക്ലബ്ബുമാണ് കൃഷി പരിപാലിക്കുന്നത്.
പച്ചക്കറി കൃഷി, ഔഷധ സസ്യ ഉദ്യാനം, മത്സ്യകൃഷി എന്നീ ഇനങ്ങളിൽ കിട്ടുന്ന ലാഭം കോളേജിലെ നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണ് പ്രയോജനപ്പെടുത്തുന്നത്. ഇതോടൊപ്പം പ്രകൃതിയെ സ്നേഹിക്കുവാനും കുട്ടികളെ പഠിപ്പിക്കുകയാണ്.
ഉല്ലാസ് കെ.എസ്
പ്രിൻസിപ്പൽ
പൂത്തോട്ട ശാശ്വതികാനന്ദ കോളേജ്