മഹാദേവ ക്ഷേത്രത്തിൽ ഭഗവാന് ആറാട്ട്

Tuesday 17 June 2025 2:01 AM IST

ആലുവ: കനത്ത മഴക്കൊപ്പം ഡാമുകൾ തുറക്കുകയും ചെയ്തതോടെ പെരിയാറിലെ ജലനിരപ്പ് രണ്ടര മീറ്ററോളം ഉയർന്നു. ഇതോടെ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ഭഗവാൻ ശിവന് ആറാട്ട്. ഇന്നലെ പുലർച്ചെ 3.50 ഓടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ സ്വയംഭൂ പ്രതിഷ്ഠ വെള്ളത്തിൽ മുങ്ങിയത്. പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് മണപ്പുറത്തെ ശിവക്ഷേത്രം. മഴക്കാലത്ത് പെരിയാർ നിറഞ്ഞൊഴുകി പ്രതിഷ്ഠ വെള്ളത്തിൽ മുങ്ങുമ്പോഴാണ് ഇവിടെ ആറാട്ട് നടക്കുകയെന്നാണ് വിശ്വാസം.

ഭഗവാൻ ആറാടിയതോടെ ക്ഷേത്രത്തിന് സമീപം പ്രത്യേക പൂജകൾ നടത്തി. വെള്ളമിറങ്ങിയ ശേഷം ആറാട്ട് സദ്യയൊരുക്കും. വർഷത്തിലെ ആദ്യത്തെ ആറാട്ടിനാണ് ഇത്തരം ചടങ്ങുകൾ ഉണ്ടാവുക. മണപ്പുറത്തെ ഭൂനിരപ്പിൽ നിന്നും മൂന്ന് അടിയോളം താഴ്ന്നാണ് ക്ഷേത്രത്തിന്റെ ഭൂനിരപ്പ്. അതിനാൽ ക്ഷേത്രത്തിനകത്ത് ആദ്യം വെള്ളം കയറുന്നത് പതിവാണ്. പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ നിരവധി തീരദേശ പ്രദേശങ്ങളിൽ വെള്ളം കയറി. കൃഷികളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.