ശുചിത്വ നിലവാരം: സർവേ ഇന്നുമുതൽ

Tuesday 17 June 2025 12:09 AM IST
ശുചിത്വ നിലവാരം

കോഴിക്കോട്: മാലിന്യ സംസ്‌കരണത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തുന്നതിനുള്ള സ്വച്ച് സർവേക്ഷൻ ഗ്രാമീൺ സർവേ ഇന്ന് ആരംഭിക്കും. കേരളത്തിൽ 450 വില്ലേജുകളിലാണ് പരിശോധന. ഓരോ ജില്ലയിലും കുറഞ്ഞത് 20 വില്ലേജുകളിൽ പരിശോധന നടത്തും. ജനസംഖ്യാനുപാതികമായി വില്ലേജുകളുടെ എണ്ണം കൂടും. വീടുകൾ, തദ്ദേശഭരണ സ്ഥാപന ഓഫീസുകൾ, സ്‌കൂളുകൾ, അങ്കണവാടികൾ, പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ശുചിത്വ നിലവാരവും സർവേയുടെ ഭാഗമായി പരിശോധിക്കും. ഓരോ പഞ്ചായത്തിലെയും നിശ്ചിത എണ്ണം വീടുകളിൽ സംഘം നേരിട്ടെത്തിയാണ് പരിശോധന. വീടുകളിലെ ശുചിമുറി സൗകര്യം, കൈകഴുകാനുള്ള സൗകര്യം, കുടിവെള്ള സൗകര്യം, ഗാർഹിക മാലിന്യ സംസ്‌കരണ ഉപാധികൾ, മലിനജല സംസ്‌കരണ സോക്കേജ് പിറ്റ് തുടങ്ങിയവ പരിശോധിക്കും.