ചന്ദേർകുഞ്ച്: സി.ബി.ഐ അന്വേഷണമില്ല

Tuesday 17 June 2025 1:13 AM IST

കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ച് അപാർട്മെന്റ്(ആർമി ടവർ) നിർമ്മാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യം അനുവദിക്കാതെ ഹൈക്കോടതി. അത്തരം ഉത്തരവിനുള്ള അസാധാരണ സാഹചര്യം നിലനിൽക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹർജി തീർപ്പാക്കിയത്.

ബലക്ഷയത്തിലായ ആർമി ടവറുകൾ ഉടൻ പൊളിച്ചു നീക്കാനാണ് അധികൃതരുടെ തീരുമാനം. അതിനുമുമ്പ് മതിയായ അന്വേഷണം നടത്തിയില്ലെങ്കിൽ നിർമ്മാണത്തകരാറിന്റെ ഉത്തരവാദികൾ രക്ഷപ്പെടാൻ ഇടയാകുമെന്നായിരുന്നു ഫ്ലാറ്റിലെ അന്തേവാസിയായ റിട്ട. കേണൽ സിബി ജോർജിന്റെ ഹർജിയിലെ വാദം. ദുരന്ത നിവാരണ നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ സി.ബി.ഐയോട് നിർദ്ദേശിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, കോടതി ഇത് അനുവദിച്ചില്ല. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. ഇതിനായി ഹർജിക്കാരന് ഉചിതമായ വേദിയെ സമീപിക്കാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.