പട്ടികവിഭാഗ വികസനത്തിന് 10248 കോടി ചെലവിട്ടു:മന്ത്രി
തിരുവനന്തപുരം: : പട്ടിക വിഭാഗ വികസന വകുപ്പുകളുടെ വിവിധ പദ്ധതികൾക്കായി ബഡ്ജറ്റിൽ അനുവദിച്ച തുക വെട്ടിച്ചുരുക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മന്ത്രി ഒ.ആർ കേളു വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇഗ്രാന്റ്സ് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ഇനത്തിൽ പട്ടികജാതി വികസന വകുപ്പിനായി ബഡ്ജറ്റിൽ വകയിരുത്തിയ 223 കോടി രൂപയുടെ സ്ഥാനത്ത് , അധികമായി അനുവദിച്ച 172 കോടി രൂപയും വിനിയോഗിച്ച് പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ധനസഹായം വിതരണം ചെയ്തു. പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് 2024-25 വർഷം ബഡ്ജറ്റിൽ 273 കോടി വകയിരുത്തിയ സ്ഥാനത്ത് 573 കോടി രൂപയാണ് വിതരണം ചെയ്തത്. 2011-12 മുതൽ 2014-15 വരെ യു.ഡി.എഫ് സർക്കാർ കാലത്ത് 5870.92 കോടി രൂപ പദ്ധതി വിഹിതം അനുവദിച്ചപ്പോൾ 5196.28 കോടി രൂപ മാത്രമാണ് ചെലവിട്ടത്. എന്നാൽ 2021-22 മുതൽ 2024-25 വരെ എൽ.ഡി.എഫ് കാലത്ത് 11646.20 കോടി രൂപ പദ്ധതി വിഹിതം അനുവദിച്ചപ്പോൾ 10248. 65 കോടി രൂപ ചെലവിട്ടു. പട്ടികവർഗ വികസന വകുപ്പിലും സമാനമായ രീതിയിലാണ് യു ഡി എഫ് കാലത്ത് പദ്ധതി തുകൾ വിനിയോഗിച്ചതെന്നും മന്ത്രി അറിയിച്ചു. പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രി പട്ടികജാതി വികസനത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണ്. ലൈഫ് പദ്ധതിയിൽ 1,14,610 പട്ടികജാതി ഗുണഭോക്താക്കൾക്കായി 1561.3 കോടി രൂപ അനുവദിച്ചു. 43,629 പട്ടിക വർഗ ഗുണഭോക്താൾക്കായി 802 കോടിയും നൽകി.
കഴിഞ്ഞ 9 വർഷം കൊണ്ട് 8919 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 8573.54 ഏക്കർ ഭൂമി വിതരണം ചെയ്തു.