വി.സിമാർക്ക് തത്കാലം തുടരാം: അപ്പീലുകൾ വിധി പറയാൻ മാറ്റി

Tuesday 17 June 2025 12:00 AM IST

കൊച്ചി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി.സിമാരുടെ നിയമനം നിയമപരമല്ലെന്ന സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ചാൻസലർ കൂടിയായ ഗവർണറും ബന്ധപ്പെട്ട വി.സിമാരും നൽകിയ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി. രണ്ടു വി.സിമാർക്കും തത്കാലം തുടരാമെന്ന മുൻ ഉത്തരവ് ഹർജി തീർപ്പാക്കുന്നത് വരെ നീട്ടി. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദ്ദേശത്തോടെയാണിത്.

നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക അവഗണിച്ച് ഡോ. കെ. ശിവപ്രസാദ്, ഡോ. സിസ തോമസ് എന്നിവരെ താത്കാലിക വി.സിമാരായി അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചതിനെതിരെയായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്.
സർക്കാർ ശുപാർശ പ്രകാരം വേണം നിയമനമെന്ന ചട്ടം മറികടന്നാണ് ചാൻസലറുടെ നടപടിയെന്നും, സിംഗിൾബെഞ്ച് ഉത്തരവ് ഇക്കാര്യങ്ങൾ പരിഗണിച്ചു കൊണ്ടുള്ളതാണെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ, യു.ജി.സി മാർഗനിർദ്ദേശ പ്രകാരം യോഗ്യതയുള്ളവരെ താത്കാലിക വി.സിമാരായി നിയമിക്കാൻ രണ്ട് സർവകലാശാല ആക്ടുകളും ചാൻസലർക്ക് അധികാരം നൽകുന്നതായി ചാൻസലറും വി.സിമാരും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.