പ്ളസ് വൺ ക്ളാസുകൾ നാളെ ആരംഭിക്കും

Tuesday 17 June 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ളസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പതിന് തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനംചെയ്യും.
പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് വരെ പ്രവേശനം നേടാം. ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ ആകെ 3,12,908 പേർക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. 4,688 സീറ്റുകൾ ഒഴിവുണ്ട്.

സീറ്റില്ലാത്തവരുടെ

എണ്ണം അറിയാൻ

പ്ലസ് വണിന് സീറ്റില്ലാത്തവരുടെ എണ്ണം ഒന്നാം സപ്ലിമെന്ററി ഘട്ടത്തിലേ വ്യക്തമാകൂ. ജൂൺ 28 മുതൽ മൂന്ന് ദിവസമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള സമയം. അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് ഈ ഘട്ടത്തിൽ അപേക്ഷ പുതുക്കാം. നേരത്തെ അപേക്ഷിച്ചിട്ടില്ലാത്തവർ പുതിയ അപേക്ഷയാണ് സമർപ്പിക്കേണ്ടത്.

മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും പുതിയ അപേക്ഷകൾ/ നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാം.

മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും അപേക്ഷയിലെ തെറ്റായ വിവരങ്ങൾ കാരണം പ്രവേശനം നേടാനാകാത്തവർക്ക് തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാം. ഏകജാലക പ്രവേശനത്തിനായി അപേക്ഷിച്ചവരിൽ പലരും മികച്ച സ്‌കൂളിനും വിഷയകോമ്പിനേഷനുമായി കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ടസീറ്റുകളിലേക്ക് മാറുന്നുണ്ട്. ഇവർ ആദ്യഘട്ടത്തിലെ ഏകജാലക അപേക്ഷകരിൽ ഉൾപ്പെടുമെങ്കിലും മറ്റ് സീറ്റുകൾ ഉറപ്പിച്ചതിനാൽ മെറിറ്റ്സീറ്റ് ആവശ്യമില്ലാത്തവരാണ്.അൺഎയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ, വി.എച്ച്.എസ്.ഇ പ്രവേശനം നേടിയവർ എന്നിവർക്കും ഏകജാലക സീറ്റുകൾ വേണ്ടിവരില്ല.

മലപ്പുറത്ത്

ഇങ്ങനെ

മലപ്പുറം ജില്ലയിലെ ആകെ അപേക്ഷകർ 82498. ഇതിൽ 8096 പേർ ഇതര ജില്ലക്കാരാണ്. ഇതിനു ശേഷം ജില്ലയിലെ അപേക്ഷകരുടെ എണ്ണം 74402 ആണ്. മൂന്ന് അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ജില്ലയിൽ 57416 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ, കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ട, അൺഎയ്ഡഡ്, വി.എച്ച്.എസ്.ഇ സീറ്റുകളിൽ പ്രവേശനം നേടുന്നവർ എന്നിവർക്ക് ശേഷമുള്ളതായിരിക്കും സീറ്റ് ആവശ്യമുള്ളവരുടെ എണ്ണം.