ആറൻമുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് പാർക്കിന് കെ.ജി.എസ് ഗ്രൂപ്പ്

Tuesday 17 June 2025 12:00 AM IST

പത്തനംതിട്ട : സംസ്ഥാന സർക്കാർ എല്ലാ അനുമതികളും റദ്ദാക്കിയതിനെ തുടർന്ന് ഉപേക്ഷിച്ച ആറൻമുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് പാർക്ക് നിർമ്മിക്കാൻ കെ.ജി.എസ് ഗ്രൂപ്പ്. ഇതിനായി ഭൂപരിഷ്കരണ ചട്ടങ്ങളിൽ ഇളവ് തേടി ഐ.ടി വകുപ്പിന് കെ.ജി.എസ് അപേക്ഷ നൽകി. കെ.ജി.എസ് ഗ്രൂപ്പിന്റെ 344 ഏക്കർ ഭൂമിയിൽ ഇലക്ട്രോണിക്സ് ക്ളസ്റ്റർ പദ്ധതിയാണ് ലക്ഷ്യം. അപേക്ഷ ജില്ലാ കളക്ടർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കും കൃഷിവകുപ്പിനും കൈമാറി. പ്രദേശം കൃഷിഭൂമിയും തണ്ണീർത്തടവുമായതുകൊണ്ട് കൃഷിവകുപ്പിന്റെ അനുമതിയില്ലാതെ റവന്യു വകുപ്പിന് നടപടിയെടുക്കാനാവില്ല.

കെ.ജി.എസ് പത്തനംതിട്ട ഇൻഫ്ര ലിമിറ്റഡ് എന്ന കമ്പനി ടി.ഒ.എഫ്.എൽ എന്ന പേരിലേക്ക് മാറ്റിയാണ് പുതിയപദ്ധതിക്ക് അപേക്ഷ നൽകിയത്.

തണ്ണീർത്തടവും നിലവും നികത്തി വിമാനത്താവളം നിർമ്മിക്കുന്നതിനെതിരെ വൻ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് പദ്ധതി കെ.ജി.എസ് ഉപേക്ഷിച്ചത്. 2016ൽ സംസ്ഥാന സർക്കാർ പദ്ധതിക്കുള്ള എല്ലാ അനുമതികളും റദ്ദാക്കിയിരുന്നു. 2018ലെ പ്രളയത്തിൽ പമ്പാ നദി കരകവിഞ്ഞൊഴുകിയപ്പോൾ പ്രധാന ജലസംഭരണിയായത് പദ്ധതി പ്രദേശമായിരുന്നു. ആറൻമുള, കിടങ്ങന്നൂർ, മല്ലപ്പുഴശേരി വില്ലേജുകളിലാണ് ഈ സ്ഥലം.

എതിർപ്പുമായി കൃഷി വകുപ്പ്

കൃഷി ചെയ്യുന്ന നിലവും തണ്ണീർത്തടവും നികത്തി ഒരു പദ്ധതിക്കും അനുമതി നൽകില്ലെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി. വയലുകൾ നികത്താൻ അനുവദിക്കില്ല. തൊണ്ണൂറ് ശതമാനവും നിലമായ ഭാഗത്താണ് പദ്ധതി നടപ്പാക്കാൻ നീക്കം. നിലം നികത്തിയാൽ വെള്ളക്കെട്ട് ഉണ്ടാകുമെന്ന് കൃഷി ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് വിമാനത്താവളത്തിനുള്ള അനുമതികൾ റദ്ദാക്കിയത്. ഇക്കാര്യത്തിൽ ഗ്രീൻ ട്രൈബ്യൂണലിന്റെ വിധിയും മാനിച്ചാണ് സർക്കാർ നടപടിയെടുത്തത്. പ്രദേശത്ത് ഇനി നിലവും തണ്ണീർത്തടങ്ങളും നികത്താൻ അനുവദിക്കില്ല.

പി.പ്രസാദ്, കൃഷി മന്ത്രി

നിലം നികത്തി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. കരഭൂമിയിൽ നിയമപരമായി രീതിയിൽ പ്രവർത്തിക്കുന്നതിന് എതിർപ്പില്ല.

രാജു ഏബ്രഹാം, സി.പി.എം ജില്ലാ സെക്രട്ടറി