കൊച്ചി വിമാനത്താവളത്തിന് ചുറ്റും ഇക്കാര്യങ്ങള്‍ ഇനി അനുവദിക്കില്ല; ഉത്തരവ് പുറത്തിറക്കി കളക്ടര്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി പുതിയ ഉത്തരവ് പുറത്തിറക്കി ജില്ലാ കളക്ടര്‍. വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍മ ചുറ്റളവില്‍ അതായത് റെഡ് സോണില്‍ ഡ്രോണുകള്‍, ലേസര്‍ രശ്മികള്‍ എന്നിവ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്താവള ഡയറക്ടര്‍, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്നിവരില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, എയ്‌റോ മോഡലുകള്‍, പാര ഗ്ലൈഡറുകള്‍, ആളില്ലാ വ്യോമ സംവിധാനങ്ങള്‍ (UAS), ഡ്രോണുകള്‍, പവര്‍ ഹാന്‍ഡ് ഗ്ലൈഡറുകള്‍, ലേസര്‍ രശ്മികള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുടെ ഉപയോഗം നിരോധിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉത്തരവിട്ടു. പട്ടികയിലുള്ള ഉപകരണങ്ങളുടെ ഉപയോഗം വിമാനങ്ങളുടെ സുരക്ഷയ്ക്ക് വ്യാപകമായി ഭീഷണി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
വിമാനത്താവള റണ്‍വേ പരിസരം, ലാന്‍ഡിംഗ് റൂട്ട്, എന്നീ മേഖലകളില്‍ ഈ വസ്തുക്കള്‍ ഉപയോഗിച്ചാല്‍ അപകടത്തിന് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിംഗ്, ടേക്ക് ഓഫ്, പറക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത-2023 ലെ സെക്ഷന്‍ 163 പ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
റെഡ് സോണില്‍ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുവാദമില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.