നീറ്റ്: തുടർ നടപടിക്രമങ്ങൾ

Tuesday 17 June 2025 12:00 AM IST

2024- ലെ സ്‌കോറുമായി നോക്കുമ്പോൾ നീറ്റ് യു. ജി 2025 സ്‌കോർ നിലവാരത്തിൽ പ്രകടമായ വ്യത്യാസമുണ്ട്. പരീക്ഷ പൊതുവെ വിഷമമാണെന്ന വസ്തുത എല്ലാവർക്കും ഗുണകരമാകാനാണ് സാധ്യത. ഒന്നാം റാങ്കിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 34 മാർക്കിന്റെ അതായത് 5 ശതമാനം മാർക്കിന്റെ കുറവുണ്ടായിട്ടുണ്ട്. ഈ വർഷത്തെ പ്രവേശനത്തിൽ ഇത് പ്രതിഫലിക്കാനിടയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ശതമാനം മാർക്ക് കുറഞ്ഞാലും അതായത് കഴിഞ്ഞ വർഷം 600 മാർക്ക് ലഭിച്ചവർക്ക് ലഭിച്ച സീറ്റ്, 2025 ൽ 570മാർക്ക് ലഭിച്ചവർക്ക് ലഭിക്കാനിടയുണ്ട്. ജനറൽ വിഭാഗത്തിൽ ഈ വർഷത്തെ കുറഞ്ഞ കട്ട് ഓഫ് മാർക്ക് 144 ആണ്. ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് 127 ഉം, എസ്.സി/ എസ്.ടി EWS/PH വിഭാഗത്തിൽപ്പെട്ടവർക്ക് 113 ഉം മാർക്കാണ് കട്ട് ഓഫ്.

സംസ്ഥാനതല പ്രവേശനം

എം.ബി.ബി.എസ്, ബി.ഡി.എസ് കൂടാതെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ആയുർവേദ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ്, ഫോറസ്ട്രി, കോ ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് സയൻസ് & എൻവയൺമെന്റൽ സയൻസ്, ബയോടെക്‌നോളജി ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാന തലത്തിൽ നീറ്റ് മാർക്കനുസരിച്ച് പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റിൽ നിന്നാണ് 100 ശതമാനവും പ്രവേശനം. വെറ്ററിനറി സയൻസ് ബിരുദ പ്രോഗ്രാമിന് വെറ്ററിനറി കൗൺസിൽ നടത്തുന്ന 15 ശതമാനം അഖിലേന്ത്യാ സീറ്റുകളിലേക്ക് നീറ്റ് റാങ്കിനനുസരിച്ചാണ് സീറ്റുകൾ അനുവദിക്കുന്നത്. കേരളത്തിൽ 100 ശതമാനം സർക്കാർ, സ്വാശ്രയ, എൻ.ആർ.ഐ സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്ട്‌മെന്റ് നടത്തും. നീറ്റിന് അപേക്ഷിക്കുമ്പോൾ തന്നെ കീം വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടാകും. നീറ്റ് റിസൾട്ട് വന്നതിനാൽ പ്രവേശന പരീക്ഷ കമ്മിഷണറുടെ വിജ്ഞാപനത്തിനനുസരിച്ച് വിദ്യാർത്ഥികൾ നീറ്റ് മാർക്കും റാങ്കും www.cee.kerala.gov.in സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ക്യാൻഡിഡേറ്റ് പോർട്ടലിൽ യൂസർ നെയിം, പാസ്‌വേർഡ്, റോൾ നമ്പർ, അപേക്ഷ നമ്പർ എന്നിവ ഉപയോഗിച്ച് മാർക്ക് എന്റർ ചെയ്യാം.

കർണ്ണാടകയിൽ കർണ്ണാടക examinations അതോറിറ്റി, പുതുച്ചേരിയിൽ Centac, തമിഴ്‌നാട്ടിൽ Tancet(TN HEALTH) എന്നിവയാണ് അലോട്ട്‌മെന്റ് നടത്തുന്നത്.