എൽസ-3ലെ കശുവണ്ടി കെട്ടിവച്ച 6 കോടി സ്ഥിരനിക്ഷേപമാക്കും

Tuesday 17 June 2025 12:54 AM IST

കൊച്ചി: അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ -3 കപ്പലിൽ കൊണ്ടുവന്ന കശുവണ്ടി നഷ്ടമായതിന്റെ പേരിൽ അഞ്ച് വ്യാപാരികൾ നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതിയിൽ കെട്ടിവച്ച ആറ് കോടിയോളം രൂപ ബാങ്കിൽ സ്ഥിരനിക്ഷേപമിടാൻ അനുമതി നൽകി. കപ്പൽ കമ്പനിയായ എം.എസ്.സിയുടെ അപേക്ഷ പരിഗണിച്ചാണ് തുക ഹൈക്കോടതി രജിസ്ട്രാറിന്റെ പേരിൽ സ്ഥിരനിക്ഷേപമാക്കാൻ ജസ്റ്റിസ് എം.എ.അബ്ദുൾ ഹക്കിം അനുവദിച്ചത്. കശുവണ്ടി ലഭിക്കാതെ വന്നതോടെ കൊല്ലം സ്വദേശി സജി സുരേന്ദ്രൻ അടക്കമുള്ള കയറ്റുമതിക്കാർ നൽകിയ ഹർജിയിലാണ് 5.97 കോടി രൂപ കെട്ടിവയ്‌ക്കാൻ സിംഗിൾബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. അല്ലാത്തപക്ഷം എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 'എം.എസ്.സി മാനസ -എഫ്" എന്ന കപ്പൽ വിഴിഞ്ഞം തുറമുഖം വിടാൻ അനുവദിക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. തുടർന്ന് കപ്പൽ കമ്പനി ഹൈക്കോടതി രജിസ്ട്രാറുടെ പേരിലെടുത്ത തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഈ തുകയ്ക്ക് പലിശ കിട്ടും എന്നത് കണക്കിലെടുത്താണ് ബാങ്കിൽ സ്ഥിരനിക്ഷേപമാക്കണമെന്ന ആവശ്യം അനുവദിച്ചത്. ഇതിനെ ഹർജിക്കാരും എതിർത്തില്ല. ഇത്രയും തുക ഗ്യാരന്റി എന്ന നിലയിലായിരിക്കും. അതേസമയം, കശുവണ്ടിയുടെ നഷ്ടപരിഹാരം സംബന്ധിച്ചുള്ള തീരുമാനം കേസിന്റെ തീർപ്പിന് വിധേയമായിരിക്കും.