ജസ്റ്റിസ് അന്നചാണ്ടിയുടെ സ്മരണയ്ക്കായി ഗോവ ഗവർണറുടെ പത്ത് ലക്ഷം
Tuesday 17 June 2025 1:56 AM IST
കൊച്ചി: കോമൺവെൽത്ത് രാജ്യങ്ങളിലെ പ്രഥമ വനിതാ ജഡ്ജിയും കേരളത്തിലെ ആദ്യകാല സ്ത്രീവിമോചന വക്താക്കളിലൊരാളുമായിരുന്ന ജസ്റ്റിസ് അന്ന ചാണ്ടിയുടെ സ്മരണ നിലനിറുത്താൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള 10 ലക്ഷം രൂപ കേരള ഹൈക്കോടതിക്ക് നൽകി. ഹൈക്കോടതിയിലെ ജുഡിഷ്യൽ അക്കാഡമിയുടെ തീരുമാനമനുസരിച്ച് അനുസ്മരണ പദ്ധതിക്ക് തുടക്കം കുറിക്കും.
ഭരണഘടനയുടെയും മൗലികാവകാശങ്ങളുടെയും നിലനില്പിന് വേണ്ടി നിലപാട് സ്വീകരിച്ചതിന്റെ പേരിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കപ്പെട്ട ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ സ്മരണയ്ക്കായി ഗോവയിലെ ബോംബെ ഹൈക്കോടതി ബെഞ്ചിന്റെ ബാർ അസോസിയേഷൻ, മഡ്‌ഗാവ് ഗോവിന്ദ് രാംനാഥ് കാരെ കോളേജ് ഒഫ് ലാ, പനാജി വി.എം. സാൽഗോക്കർ കോളേജ് ഒഫ് ലാ എന്നിവയ്‌ക്കും അഞ്ചു ലക്ഷം രൂപ വീതം നൽകി.