നിലമ്പൂരിൽ ഇന്ന് കലാശക്കൊട്ട്, 10,000ത്തിലേറെ ഭൂരിപക്ഷമെന്ന് യു.ഡി.എഫ് സീറ്റ് നിലനിറുത്തുമെന്ന് എൽ.ഡി.എഫ്

Tuesday 17 June 2025 1:56 AM IST

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പ്രതീക്ഷകളുടെ മനക്കോട്ടയിൽ മുന്നണികൾ. മത്സരം കടുത്തെന്ന് വിലയിരുത്തുന്ന യു.ഡി.എഫിനും എൽ.ഡി.എഫിനും സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവർ പിടിക്കുന്ന വോട്ടുകളിലാണ് ആശങ്ക.

ആര്യാടൻ ഷൗക്കത്തിന് 10,000ത്തിനും 15,000ത്തിനും ഇടയ്ക്ക് ഭൂരിപക്ഷമാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. മുന്നണി ഐക്യം പതിവിനേക്കാൾ പ്രകടമാണെന്നതാണ് പ്രതീക്ഷയുടെ കരുത്ത്.മുഖ്യമന്ത്രി നേരിട്ട് നയിച്ച പ്രചാരണത്തിലൂടെ അവസാന നിമിഷം മത്സരം പ്രവചനാതീതമാക്കാൻ സാധിച്ചെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. സർക്കാർ വിരുദ്ധ വികാരം പ്രകടമായില്ല. യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി, ജമാഅത്തെ ഇസ്‌ലാമി ബന്ധം ഭൂരിപക്ഷ, ക്രിസ്ത്യൻ സമുദായങ്ങളെ സ്വാധീനിച്ചാൽ നില കൂടുതൽ ഭദ്രമാവുമെന്നും സി.പി.എം കണക്കുകൂട്ടുന്നു.

മണ്ഡലത്തിൽ ഏഴ് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമുണ്ട്. ഇതിൽ ഭരണത്തിലുള്ള അഞ്ച് പഞ്ചായത്തുകളിൽ മേൽക്കോയ്മ നേടാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.എൽ.ഡി.എഫ് അധികാരത്തിലുള്ള രണ്ട് പഞ്ചായത്തിലും നിലമ്പൂർ നഗരസഭയിലും വോട്ട് ചോർ‌ച്ച തടയുന്നതിനൊപ്പം യു.ഡി.എഫ് പഞ്ചായത്തുകളിൽ വോട്ടുവിഹിതം ഉയർത്താനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സി.പി.എം. വോട്ട് വിഹിതത്തിലെ വർദ്ധനവാണ് എൻ.ഡി.എയുടെ ലക്ഷ്യം. പത്ത് ശതമാനം വോട്ടെങ്കിലും പിടിക്കുമെന്നാണ് അൻവർ ക്യാമ്പിന്റെ അവകാശവാദം. അനുഭാവി വോട്ട്

ചോരുമെന്ന് ഭയം

മുന്നണി വോട്ടുകൾ ചോരില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അനുഭാവി വോട്ടുകളിൽ ഒരു പങ്ക് അൻവറിലേക്ക് ചായുമോ എന്നതാണ്‌ കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ഭയം. 10,000ത്തോളം വോട്ടുകൾ അൻവർ പിടിച്ചാലും

അത്ഭുതപ്പെടേണ്ടെന്നാണ് മുസ്‌ലിം ലീഗിന്റെ വിലയിരുത്തൽ. യു.ഡി.എഫിന്‌ മേൽക്കൈയുണ്ടെന്ന പ്രതീതി അടിയൊഴുക്ക് കുറയ്ക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. സർക്കാർ വിരുദ്ധവികാരം വേണ്ടത്ര ചർച്ചയാക്കാൻ കഴിഞ്ഞില്ലെന്നും സി.പി.എം സൃഷ്ടിച്ച വിവാദങ്ങളുടെ കെണിയിൽ വീണെന്നുമുള്ള സ്വയം വിമർശനവും യു.ഡി.എഫിലുണ്ട്.