കാസർകോട് ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു

Tuesday 17 June 2025 12:58 AM IST

കാസർകോട്: ദേശീയപാത നിർമ്മാണം നടക്കുന്ന തെക്കിൽ ബേവിഞ്ച സ്റ്റാർനഗറിൽ റോഡിലേക്ക് മണ്ണിടിഞ്ഞുവീണു,​ ഒഴിവായത് വൻ ദുരന്തം. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. പ്രദേശത്തെ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന യാത്രക്കാർ ഈ വഴിവന്ന സ്വകാര്യബസിൽ കയറി പോയശേഷമാണ് മണ്ണിടിഞ്ഞുവീണത്.

മണ്ണിടിയുന്ന കുന്നിന് മുകളിലുള്ള നാലോളം വീടുകളിലുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്. ബേവിഞ്ചയിൽ റോഡിൽ വീണ മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തുവരികയാണ്. നിലവിൽ ഈ വഴി ഗതാഗതം നിരോധിച്ചു. ആംബുലൻസ്, അടിയന്തര സേവന വാഹനങ്ങൾ എന്നിവ മാത്രം നിയന്ത്രിതമായി കടത്തിവിടും. സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ച ശേഷംമാത്രം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. രോക്ഷാകുലരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. സ്ഥലത്തെത്തിയ ജില്ലാകളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരോടും നാട്ടുകാർ രോക്ഷാകുലരായി. മഴ ഒഴിയാതെ എൻ.എച്ച് 66ൽ നിന്ന് മണ്ണ് നീക്കം ചെയ്യാനാകില്ലെന്ന് ജില്ലാ കളക്ടർ കെ.ഇമ്പശേഖരൻ പറഞ്ഞു. ഇവിടെ കോൺക്രീറ്റ് വാൾ നിർമ്മിക്കാൻ ദേശീയ പാത അതോറിട്ടിയോട് ആവശ്യപ്പെടുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.