മഴയെ അവഗണിച്ച് ഉറച്ച കാൽവയ്പ്പോടെ സേനയിലേക്ക്

Tuesday 17 June 2025 1:03 AM IST

തൃശൂർ: കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും ഉറച്ച കാൽവയ്പ്പോടെ 144 വനിതകൾ പൊലീസ് സേനയുടെ ഭാഗമായി. ഇന്നലെ പൊലീസ് അക്കാഡമിയിലായിരുന്നു വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ്. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് ഇടയ്ക്കിടെ മഴ പെയ്തു. അവസാന ഘട്ടത്തിലെത്തിയപ്പോൾ മഴ ശക്തമായി. ഗ്രൗണ്ട് മുഴുവൻ വെള്ളം നിറഞ്ഞെങ്കിലും അതിലൂടെയാണ് മാർച്ച് ചെയ്ത് പരേഡ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു.

പരിശീലനം പൂർത്തിയാക്കിയവരിൽ 39 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. 23 പേർ കൊല്ലം, 2പേർ പത്തനംതിട്ട, 7പേർ ആലപ്പുഴ, 4പേർ കോട്ടയം, 4പേർ ഇടുക്കി, 8പേർ എറണാകുളം, 6പേർ തൃശൂർ, 22പേർ പാലക്കാട്, 8പേർ മലപ്പുറം, 16പേർ കോഴിക്കോട്, 4പേർ കണ്ണൂർ, ഒരാൾ കാസർകോട്. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നിരവധി പേർ ഇതിലുണ്ട്.