അമ്പലപ്പുഴ പാൽപ്പായസം: വിലവർദ്ധനയിൽ പ്രതിഷേധം
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ
അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ ഭക്തജന പ്രതിഷേധം ശക്തം.
ചിങ്ങം ഒന്നു മുതൽ വില ലിറ്ററിന് 260 രൂപയാക്കാനാണ് ബോർഡിന്റെ തീരുമാനം. നിലവിൽ160 രൂപയാണ്. പത്ത് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർദ്ധിപ്പിക്കുന്നത്. നിലവിൽ 225 ലിറ്റർ പായസമാണ് ദിവസേന തയ്യാറാക്കുന്നത്. ഇത് വ്യാഴം, ഞായർ ദിവസങ്ങളിൽ 300 ഉം വിശേഷദിവസങ്ങളിൽ 350ഉം ലിറ്ററാക്കാനും തീരുമാനിച്ചിട്ടുണ്ട്.ദിവസവും 30 ശതമാനം പാൽപ്പായസം ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയർ സജ്ജമാക്കാൻ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തി.നേരിട്ടുള്ള പാൽപ്പായസ ബുക്കിംഗിന് ടോക്കൺ സംവിധാനം ഏർപ്പെടുത്താനും പായസം ബോട്ടിലുകളിൽ ദേവസ്വം ബോർഡിന്റെ ഹോളോഗ്രാം പതിപ്പിക്കാനും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.