എസ്‌.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം 27 മുതൽ കോഴിക്കോട്ട്

Tuesday 17 June 2025 12:04 AM IST

കോഴിക്കോട്‌: എസ്‌.എഫ്.ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനം 27 മുതൽ 30 വരെ കോഴിക്കോട്ട് നടക്കുമെന്ന്‌ സ്വാഗതസംഘം ചെയർമാൻ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22 വർഷങ്ങൾക്ക് ശേഷമാണ് അഖിലേന്ത്യാ

സമ്മേളനത്തിന് കോഴിക്കോട് വേദിയാവുന്നത്.

പ്രതിനിധി സമ്മേളനം 27ന്‌ രാവിലെ 10ന്‌ കോഴിക്കോട് ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മാദ്ധ്യമ പ്രവർത്തകൻ ശശികുമാർ, തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ എം.കെ. റൈന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 519 പ്രതിനിധികളും 184 നിരീക്ഷകരും 80 കേന്ദ്ര കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. മുൻകാല ഭാരവാഹികളുടെ സംഗമം 28ന്‌ പ്രതിനിധി സമ്മേളന ഹാളിൽ ചേരും.അര ലക്ഷം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന റാലിയോടെ 30ന്‌ സമാപിക്കും. ബീച്ച് ഫ്രീഡം സ്‌ക്വയറിലെ കെ.വി. സുധീഷ് നഗറിൽ ചേരുന്ന പൊതുസമ്മേളനം അന്ന് രാവിലെ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

20ന്‌ പതാക ദിനം ആചരിക്കും. രക്തസാക്ഷികളുടെ കുടുംബങ്ങളിൽ നിന്നും സ്മൃതി മണ്ഡപങ്ങളിൽ നിന്നുമുള്ള പതാകകൾ സമ്മേളന നഗരിയിൽ സ്ഥാപിക്കും. ലോക, ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ചരിത്ര - വർത്തമാനങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനം 23ന്‌ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഹാളിൽ

എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.