കപ്പൽ കമ്പനിക്ക് പൊലീസ് നോട്ടീസ്
കൊച്ചി: ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്കും അവരുടെ കേരളത്തിലെ ഷിപ്പിംഗ് ഏജൻസിക്കും പൊലീസ് നോട്ടീസ് നൽകി . അന്വേഷണവുമായി സഹകരിക്കണമെന്ന് ഇ-മെയിലിൽ നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു.
കപ്പൽ മുങ്ങാനിടയായ സാഹചര്യവും തുടർന്നുണ്ടായ പരിസ്ഥിതി നാശവും സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്ന് വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികളോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യാപ്റ്റനും ഏതാനും ജീവനക്കാരും കൊവിഡ് ബാധിച്ച് ക്വാറന്റൈനിലായതിനാൽ കോസ്റ്റൽ പൊലീസിന് മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. കൊച്ചിയിലെ ഹോട്ടലിൽ കഴിയുന്ന ഇവരുടെ മൊഴികൾ വൈകാതെ രേഖപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
മോശം കാലാവസ്ഥ മൂലം എൽസ 3ൽ നിന്നുള്ള എണ്ണ വീണ്ടെടുക്കൽ തുടങ്ങാനായില്ല. ദൗത്യം പൂർത്തിയാക്കാൻ 26 ദിവസം കൂടി വേണമെന്ന് കരാറുകാരായ ടി ആൻഡ് ടി സാൽവേജ് കമ്പനി ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിനെ (ഡി.ജി.എസ്) അറിയിച്ചു. പ്രത്യേക ആക്ഷൻ പ്ലാൻ ടി ആൻഡ് ടി നൽകിയിട്ടുണ്ട്.
5 മീറ്റർ തിരമാല ശക്തമായ കാറ്റും മഴയുമാണ് പുറങ്കടലിൽ. 20 - 25 കിലോമീറ്റർ വേഗത്തിലാണ് കാറ്റ്. നാല് മുതൽ അഞ്ച് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളും ഇന്ധനം നീക്കൽ പ്രവർത്തനങ്ങൾക്ക് തടസമായി. ഇന്നും മോശം കാലാവസ്ഥയാണ് പ്രവചിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മുങ്ങൽ വിദഗ്ദ്ധർ കപ്പലിന്റെ എണ്ണച്ചോർച്ച പൂർണമായും അടച്ചിരുന്നു. കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ അടിത്തട്ടിൽ ടാങ്കിൽ എണ്ണകിടക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ.
61 കണ്ടെയ്‌നർ
കരയ്ക്കടിഞ്ഞു വി.ഡി.ആർ (വോയേജ് ഡേറ്റ റെക്കാഡർ) വീണ്ടെടുക്കാനുള്ള മുങ്ങൽവിദഗ്ദ്ധരുടെ തെരച്ചിൽ ഫലംകണ്ടിട്ടില്ല. ഇതുകിട്ടിയാലേ അപകടകാരണം വ്യക്തമാകൂ. എത്രയും വേഗം വി.ഡി.ആർ വീണ്ടെടുക്കണമെന്നാണ് ഡയറക്ടറേറ്റ് ഒഫ് ഷിപ്പിംഗ് നൽകിയിട്ടുള്ള നിർദ്ദേശം. കപ്പലിൽ നിന്ന് കടലിൽ വീണ 61 കണ്ടെയ്‌നറുകൾ കരയ്‌ക്കടിഞ്ഞിട്ടുണ്ട്.