സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയുക ലക്ഷ്യം: മുഖ്യമന്ത്രി
Tuesday 17 June 2025 12:07 AM IST
തൃശൂർ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 144 വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിലേക്ക് കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് 2017ൽ വനിതാ സായുധ ബറ്റാലിയന് രൂപം നൽകിയത്. ശാസ്ത്ര സാങ്കേതിക മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണിതെന്നും അതിനനുസൃതമായ അറിവ് സമ്പാദിക്കാൻ പുതിയ സേനാംഗങ്ങൾ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വെള്ളായണി സ്വദേശി പി.കെ.ഗീതുവായിരുന്നു പരേഡ് കമാൻഡർ. വട്ടിയൂർക്കാവ് സ്വദേശി യു.വി.അനൂജ സെക്കൻഡ് ഇൻ കമാൻഡറായി.