രാജ്ഭവനുമായി സംഘർഷം ആഗ്രഹിക്കുന്നില്ല : ബിനോയ് വിശ്വം

Tuesday 17 June 2025 1:08 AM IST

ആലപ്പുഴ: രാജ്ഭവനുമായി അകാരണമായ സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്ഭവൻ നിലപാട് മാറ്റിയെന്ന വാർത്ത ശരിയാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. കമ്മ്യൂണിസ്റ്റുകാർക്ക് രാജ്യസ്നേഹം മാത്രമേയുള്ളൂ. ഒരു വാശിയും ഇല്ല. രാജ്യസ്നേഹത്തിന്റെ ഉത്തമ പ്രതീകമായി ദേശീയ പതാകയേയും ഭാരതമാതാവായി ഇവിടുത്തെ മണ്ണിനെയും പുഴയെയും മലനിരകളേയുമാണ് കാണുന്നത്. ഭാരതാംബയ്ക്ക് ജയ് വിളിക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് ഒരു മടിയും ഇല്ല. ഔദ്യോഗിക പരിപാടികളിൽ ഭാരതാംബയുടേതെന്ന് പറഞ്ഞ് വയ്ക്കുന്ന ചിത്രം ആർ.എസ്.എസിന്റെ പരിപാടികളിൽ കണ്ട് വരുന്നതാണ്. സി.പി.ഐയ്ക്കും സി.പി.എമ്മിനും ഒരേ നിലപാട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.